
കൊല്ലം: പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ചികിത്സാ സൗകര്യങ്ങൾ
മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ ക്രിട്ടിക്കൽ കെയർ ബ്ലോക്ക് ഒരുങ്ങുന്നു. 45,000 ചതുരശ്ര അടി വിസ്താരത്തിലാണ് ബഹുനില കെട്ടിടം ഒരുങ്ങുന്നത്.
രണ്ട് ഓപ്പറേഷൻ തീയേറ്ററുകൾ, 10 ഐ.സി.യു കിടക്കകൾ, ആറ് ഹൈ ഡിപെൻഡൻസി കിടക്കകൾ, 24 കിടക്കകളോട് കൂടിയ ഐസൊലേഷൻ വാർഡ്, ഡയാലിസിസ് യൂണിറ്റ്, ലേബർ റും, ലബോട്ടറി എന്നീ സൗകര്യങ്ങളാണ് ഉണ്ടാവുക. 23.75 കോടി രൂപയാണ് മുതൽമുടക്ക്.
ഇതിന്റെ ഭാഗമായി ജോൺ ഹോപ്കിൻസ് പ്രോഗ്രാം ഇന്റർനാഷണൽ എഡ്യുക്കേഷൻ ഇൻ ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റട്രിക്സ് (ജെ.എച്ച്.പി.ഐ.ഇ.ജി.ഒ, ന്യൂ ഡൽഹി) വാപ്കോസ്, കൊല്ലം എൻ.എച്ച്.എം, കൊല്ലം പി.ഡബ്ല്യു.ഡി എൻജിനിയർമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി.
പദ്ധതിക്കായി മെഡിക്കൽ കോളേജ് കണ്ടെത്തിയ സ്ഥലം അനുയോജ്യമാണെന്നും മഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. അബ്ദുൾ റഷീദിന്റെയും മെഡിക്കൽ സൂപ്രണ്ട് ഡോ. ജി.എസ്. സന്തോഷിന്റെയും നേതൃത്വത്തിലുള്ള സംഘത്തിന്റെ അഭിപ്രായങ്ങൾ അംഗീകരിക്കുന്നതായും ജെ.എച്ച്.പി.ഐ.ഇ.ജി.ഒ പ്രിൻസിപ്പൽ കൺസർട്ടന്റ് ഡോ. (കേണൽ) രാജേഷ്
വർമ്മ അറിയിച്ചു. ഒന്നര വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കാൻ
സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.