 
എഴുകോൺ : മത്സ്യ കർഷകർക്ക് ആശ്വാസമായി സഹകരണ മേഖലയിൽ വിപണന കേന്ദ്രങ്ങൾ ഒരുങ്ങുന്നു. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെയാണ് വിപണന കേന്ദ്രങ്ങൾ സജ്ജീകരിക്കുന്നത്. ആദ്യ വിപണന കേന്ദ്രം കണ്ണനല്ലൂർ പാലമുക്കിൽ നാളെ വൈകിട്ട് അഞ്ചിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ. ഡാനിയൽ ഉദ്ഘാടനം ചെയ്യും. മത്സ്യക്കർഷകർ ചേർന്ന് രൂപീകരിച്ച ട്രാവൻകൂർ അക്വാ പ്രൊഡക്ട്സ് ആൻഡ് പ്രോസസിംഗ് സൊസൈറ്റിയുടെ ചുമതലയിലാണ് വിപണന കേന്ദ്രങ്ങൾ . തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ വീടുകളിലും മറ്റും വ്യാപകമായി മത്സ്യക്കൃഷി നടന്ന് വരുന്നുണ്ട്. വിപണന കേന്ദ്രങ്ങളുടെ ദൗർലഭ്യം കർഷകർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി ഉയർന്നിരുന്നു. വിപണന കേന്ദ്രങ്ങളുടെ വരവോടെ ഇതിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ഉപഭോക്താക്കൾക്ക് വിഷരഹിതമായ ശുദ്ധ മത്സ്യം ഉറപ്പാക്കാനും കഴിയും.