plakkadavu
മാലിന്യവാഹിയായ പാലക്കടവ് തോട്

കൊട്ടിയം: കിളികൊല്ലൂരിനെ പുണർന്നൊഴുകുന്ന കിളികൊല്ലൂർ ആറ് (പാലക്കടവ് തോട്) ഉണർത്തുന്നത് നഷ്ടപ്രതാപത്തിന്റെയും വ്യാവസായിക പ്രതാപത്തിന്റെയും സ്മൃതികളാണ്. സമൃദ്ധിയുടെ കെട്ടുവള്ളങ്ങൾ ആലപ്പുഴയിലേക്ക് പോയിരുന്നത് ഇതു വഴിയായിരുന്നു. പരവൂർ കായലിൽ തുടങ്ങി അയത്തിൽ ഈഴവ പ്പാലം, പാലക്കാവ് തോട് വഴി അഷ്ടമുടിക്കായൽ വരെ നീണ്ടുകിടക്കുന്നതാണ് ഓർമ്മകൾ.

മഴക്കാലത്ത് വലിയ വള്ളങ്ങളും കെട്ടുവള്ളങ്ങളും ഒരു തടസവുമില്ലാതെ ചരക്കുകൾ കയറ്റിയും ഇറക്കിയും കാളവണ്ടിയിലും കൈവണ്ടിയിലും പോയിരുന്നത് പലരുടെയും ഓർമ്മയിലുണ്ട്.

വ്യാവസായിക മേഖലകളായ കശുഅണ്ടി, കയർ, ഓട്ടുകമ്പനി, തടിമിൽ, കക്കാ സംസ്ക്കരണം എന്നിവ ഇവിടെ സജീവമായിരുന്നു.

പാവപ്പെട്ട ധാരാളം തൊഴിലാളികൾ തിങ്ങിപ്പാർത്തിരുന്ന പാലക്കടവ് പാലത്തിന് സമീപം കിടങ്ങിൽ കെ.കേശവൻ മുതലാളി സ്ഥാപിച്ച ഹിന്ദുസ്ഥാൻ ടൈയിൽ (ഓട്ട് കമ്പനി) ഉണ്ടായിരുന്നു. അതിനോട് ചേർന്ന് മധുര കമ്പനി എന്ന പേരിൽ ഒരു എജൻസിയും ഉണ്ടായിരുന്നു. പാലക്കടവ് ആറിൽ കമാനാകൃതിയിൽ രാജഭരണകാലത്ത് നിർമ്മിച്ച പാലമുണ്ടായിരുന്നു. ഇന്ന് അതിന്റെ സ്ഥാനത്ത് കോൺക്രീറ്റ് പാലമാണ്.

കാടുകയറി, പായൽ നിറഞ്ഞു

പാലക്കടവ് തോട് ഇന്ന് മാലിന്യവാഹിയായി മാറിക്കഴിഞ്ഞു. ആഫ്രിക്കൻ പായലുകൊണ്ട് മൂടിയ വെള്ളം. കാടുകയറിയ കരകൾ.

മണ്ണടിഞ്ഞ് ആഴം കുറഞ്ഞുപോയ തോട്ടിലൂടെ ഭാരം കയറ്റിയ കെട്ടുവള്ളങ്ങൾക്കോ, ചങ്ങാടങ്ങൾക്കോ, ചെറുവള്ളങ്ങൾക്കോ പോലും ഇപ്പോൾ പോകാൻ കഴിയില്ല. ആഴം കൂട്ടിയും മാലിന്യം നീക്കം ചെയ്തും തോട് സംരക്ഷിക്കാൻ അധികൃതർ ഇടപെടണമെന്നതാണ്

നാട്ടുകാരടെ ആവശ്യം.

ഇരുകരകളിലും ബലമുള്ള ഭിത്തികെട്ടി മണ്ണൊലിപ്പ് തടഞ്ഞ് ഒരു സ്ഥിരം നടപ്പാത നിർമ്മിക്കാവുന്നതാണ്. കിളികൊല്ലൂർ തോടിലൂടെ ബോട്ട് സർവീസ് ആരംഭിച്ചാൽ ടൂറിസ്റ്റുകൾക്ക് കിളികൊല്ലൂർ, മങ്ങാട് പ്രദേശങ്ങൾ കണ്ട് ആസ്വദിക്കാനാകും. പാലക്കാവ് കേന്ദ്രീകരിച്ച് ബോട്ടുജെട്ടി സ്ഥാപിക്കുകയും അതിലൂടെ കര, ജലമാർഗ്ഗങ്ങളുടെ സംഗമ സ്ഥാനമായി വികസിപ്പിക്കുകയും ചെയ്യാം.

മുൻകിളികൊല്ലൂർ പഞ്ചായത്തിൽ ഉൾപ്പെട്ട ഈ സ്ഥലം ഇപ്പോൾ കൊല്ലം കോർപ്പറേഷന്റെ ഭാഗമാണ്. തോടിന്റെ ഇരുകരകളിലുമുളള കോർപറേഷൻ വക സ്ഥലത്ത് റിസോർട്ടുകളുംറസ്‌റ്റോറന്റും വിശ്രമ സങ്കേതങ്ങളും സ്ഥാപിക്കുന്നതിലൂടെ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ കഴിയും.

ഓണക്കാലത്ത് ചെറുവള്ളങ്ങളുടെ തുഴച്ചിൽ മത്സരങ്ങൾ സംഘടിപ്പിക്കാനും കഴിയും. ജലഗതാഗത ചരക്ക് കയറ്റിറക്ക് കേന്ദ്രമായി മാറ്റിയാൽ വലിയ നേട്ടങ്ങൾ കൊയ്യാനാകും.

റോഡിലെ കുരുക്ക് ഒഴിവാക്കി ജലമാർഗത്തിലുടെയുള്ള

ചരക്ക് ഗതാഗതം സുഗമാകുന്നതോടെ കിളികൊല്ലൂരിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാനും കഴിയും.

......................................................................................................

കിളികൊല്ലൂർ ആറ് (പാലക്കടവ് തോട് ) സംരക്ഷിക്കണം. വൃത്തിയാക്കണം. മണ്ണടിഞ്ഞ് ആഴം കുറഞ്ഞു പോയ തോട്ടിലെ

ചെളി കോരി വൃത്തിയാക്കണം. പാലക്കടവ് കേന്ദ്രീകരിച്ച് ബോട്ടുജെട്ടി സ്ഥാപിക്കാൻ ടൂറിസം പ്രമോഷൻ കൗൺസിലും ജലഗതാഗത വകുപ്പും ഇടപെടണം. കൊല്ലം കോർപ്പറേഷന് അതൊരു മുതൽകൂട്ടാവും. ഇരുകരകളിലും റിസോർട്ടുകളും റസ്റ്റോന്റുകളും വിശ്രമസങ്കേതങ്ങളും സ്ഥാപിച്ച് സഞ്ചാരികളെ അകർഷിക്കാനാകും.

കെ.എസ്.ഷിബു

എസ്. എൻ. ട്രസ്റ്റ് ബോർഡ് അംഗം, ശാഖ സെക്രട്ടറി (മങ്ങാട് ഈസ്റ്റ് ), സെക്രട്ടറി, സെക്യുലർ നഗർ.