
കൊല്ലം: കൊല്ലം പോർട്ടിൽ എമിഗ്രേഷൻ ചെക്ക് പോയിന്റ് ആരംഭിക്കാനായി സജ്ജമാക്കിയ സൗകര്യങ്ങളിൽ ഫോറിൻ റീജിണൽ രജിസ്ട്രേഷൻ ഓഫീസിന് സംതൃപ്തി. കഴിഞ്ഞ ദിവസം പോർട്ട് സന്ദർശിച്ച അഡീഷണൽ ഫോറിൻ റീജിണൽ രജിസ്ട്രേഷൻ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കണമെന്ന നിർദ്ദേശം മാത്രമാണ് മുന്നോട്ടുവച്ചത്.
എമിഗ്രേഷൻ പോയിന്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കൊല്ലം പോർട്ടിൽ നടന്ന പരിശോധനകളിൽ ആദ്യമായാണ് ഇത്തരത്തിൽ അനുകൂലമായ പ്രതികരണം ഉണ്ടാകുന്നത്.
പോർട്ടിന്റെ കവാടത്തോട് ചേർന്നാണ് എമിഗ്രേഷൻ ഓഫീസ് സജ്ജമാക്കിയിരിക്കുന്നത്. കപ്പൽ അടുക്കുന്ന ടെർമിനലും പുതിയ ഓഫീസും തമ്മിൽ ചെറിയ അകലമുണ്ട്. ഈ അകലം കപ്പലിൽ വന്നിറങ്ങുകയും പുറപ്പെടാൻ എത്തുകയും ചെയ്യുന്ന യാത്രക്കാർക്കും കപ്പൽ ജീവനക്കാർക്കും പരിശോധനകളിൽ നിന്ന് രക്ഷപ്പെടാനുള്ള പഴുതായി മാറുമോയെന്ന ആശങ്ക പരിശോധന സംഘം പങ്കുവച്ചു. അത് പരിഹരിക്കാനുള്ള ക്രമീകരണം സജ്ജമാക്കണമെന്നാണ് നിർദ്ദേശം. ഇതുമായി ബന്ധപ്പെട്ട് എഫ്.ആർ.ആർ ഓഫീസ് കൊല്ലം പോർട്ട് അധികൃതരുമായി വീണ്ടും ആശയവിനിമയം നടത്തും. ഇതിനുശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകും. അതിന് ശേഷം ഫോറിൻ രജിസ്ട്രേഷൻ ഓഫീസർ നേരിട്ട് സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്താനും സാദ്ധ്യതയുണ്ട്.
ഒരുക്കിയിട്ടുള്ള ക്രമീകരണങ്ങൾ
നാല് എമിഗ്രേഷൻ കൗണ്ടറുകൾ
കമ്പ്യൂട്ടർ റൂം
ടോയ്‌ലെറ്റുകൾ
ഇൻചാർജ് എമിഗ്രേഷൻ ഓഫീസ്
ട്രെയിനിംഗ്, മീറ്റിംഗ് എന്നിവയ്ക്കുള്ള മൾട്ടി പർപ്പസ് റൂം
റെക്കോർഡ് റൂം
യു.പി.എസ്, സെർവർ റൂം
തടസമില്ലാതെ വൈദ്യുതി
കേന്ദ്രത്തിന് അപേക്ഷ നൽകി
ഏർപ്പെടുത്തിയ സൗകര്യങ്ങൾ സഹിതം കൊല്ലം പോർട്ടിൽ എമിഗ്രേഷൻ പോയിന്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അപേക്ഷ നൽകിയിരിക്കുന്നത്. എഫ്.ആർ.ആർ.ഒയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഇക്കാര്യത്തിൽ തീരുമാനം. കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിൽ നിന്ന് നേരിട്ട് പരിശോധനയ്ക്കും സാദ്ധ്യതയുണ്ട്.
ലക്ഷദ്വീപിലെ മിനിക്കോയിൽ നിന്ന് കൊല്ലത്തേക്ക് കപ്പൽ സർവീസ് ആരംഭിക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഓഫീസുമായി ചർച്ച നടത്തി. രണ്ട് മാസം മുമ്പ് എൻ.കെ. പ്രേമചന്ദ്രൻ എം.പിയും ചർച്ച നടത്തിയിരുന്നു.
കൊല്ലം പോർട്ട് അധികൃതർ