ശാസ്താംകോട്ട: ഏറെ തിരക്കുള്ള കല്ലുകടവ് പാലത്തിൽ കുഴികളില്ലാത്ത ഒരിടംപോലുമില്ല. അതിസാഹസികമായിട്ടാണ് പാലത്തിലൂടെ പലരും യാത്ര ചെയ്യുന്നത്. മെറ്റലിളകി കുഴികൾ രൂപപ്പെട്ട കല്ലുകടവ് പാലത്തിന്റെ ഒരു ഭാഗത്ത് വലിയ ഒരു ഗർത്തമുണ്ട്. ശാസ്താംകോട്ട - കരുനാഗപ്പള്ളി പ്രധാന പാതയിലെ പാലത്തിന്റെ ഇരുവശങ്ങളിലും കിഫ്ബി പദ്ധതി പ്രകാരം ടാർ ചെയ്തങ്കിലും പാലത്തിന്റെ ഭാഗം ഒഴിച്ചിട്ടാണ് ടാറിംഗ് നടത്തിയത്. മുന്നു വർഷത്തിലധികമായി ഈ ഭാഗത്ത് ടാർ ചെയ്തിട്ട്. അതിനാൽ ഈ ഭാഗം ആകെ തകർന്ന് കിടക്കുകയാണ്.
പുതിയ കരാറുകാർ വരണം
റോഡിന്റെ ദുരിതാവസ്ഥയെക്കുറിച്ച് പ്രദേശത്തെ പൊതുപ്രവർത്തകർ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും മന്ത്രി അടിയന്തര നടപടിക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. അന്ന് ചെറിയ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും ഇപ്പോൾ പഴയ രീതിയിലായി. ശാശ്വതമായ പരിഹാരം എൻജിനീയർമാരോട് ആവശ്യപ്പെട്ടപ്പോൾ കരാറുകാർ പണി ഉപേക്ഷിച്ചു പോയെന്നും ഇനി പുതിയ കരാറുകാർ വന്നെങ്കിലേ ശാശ്വത പരിഹാരം ഉണ്ടാകുകയുള്ളുവെന്നുമാണ് മറുപടി. വലിയ അപകടം ഉണ്ടാകുന്നതിന് മുമ്പ് പാലത്തിന്റെ ദുരിതത്തിന് പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെയും പ്രദേശവാസികളുടെയും ആവശ്യം.