കൊല്ലം: ഒറ്റാലി​ൽ കി​ടന്നതും കി​ഴക്കുനി​ന്നു വന്നതും ഒരേപോലെ കീശയി​ലാക്കി​ കരാറുകാരൻ മടങ്ങുമ്പോൾ, കല്ലുപാലം കഥയി​ൽ ലാഭം അയാൾക്കുതന്നെ! നിർമ്മാണം പൂർത്തിയാക്കാൻ വൈകിയതിനാണ് തിരുവനന്തപുരം ഹെതർ ഇൻഫ്രാസ്ട്രക്ചർ മാനേജിംഗ് ഡയറക്ടർ ജോർജ് എബ്രഹാമിനെ കരാറിൽ നിന്നൊഴിവാക്കിയത്. കരാർ പ്രകാരം ഇതുവരെ നടത്തിയ നിർമ്മാണത്തിന്റെയും എസ്റ്റിമേറ്റിലില്ലാത്ത പണികൾ പൂർത്തീകരിച്ചതിന്റെയും തുക മുഴുവൻ കൈപ്പറ്റിയെന്ന് മാത്രമല്ല, ഇനിയുള്ള പണികളൊന്നും ചെയ്യേണ്ടെന്ന ഗുണവും കരാറുകാരന് ലഭിക്കും.

അവശേഷിക്കുന്ന പ്രവൃത്തിയുടെ 30 ശതമാനം തുക കരാറുകാരനിൽ നിന്ന് ഈടാക്കുമെന്നാണ് നിർവഹണ ഏജൻസിയായ ഉൾനാടൻ ജലഗതാഗത വകുപ്പ് ഡയറക്ടറേറ്റ് പറയുന്നത്. ആകെ 1.5 കോടിയുടെ എസ്റ്റിമേറ്റാണ് ഇനിയുള്ള പണികൾക്കായി വകുപ്പ് തയ്യാറാക്കിയിട്ടുള്ളത്. എന്നാൽ ഇതും കരാറുകാരനെ സഹായിക്കാനാണെന്നാണ് ആക്ഷേപം. പൊതുമരാമത്ത് വകുപ്പിന്റെ പുതുക്കിയ നിരക്കുകൾ പ്രകാരം ഇനിയുള്ള പണികൾ പൂർത്തീകരിക്കാൻ ഈ തുക മതിയാകില്ല. ഇത് അധികൃതർക്കറിയാമെങ്കിലും കരാറുകാരൻ അടയ്‌ക്കേണ്ട 30 ശതമാനം തുകയിൽ കുറവ് വരുത്താനാണ് ഇതെന്ന് ആരോപണമുണ്ട്. നിർമ്മാണം പൂർത്തിയായി കല്ലുപാലത്തിലൂടെ യാത്രചെയ്യണമെങ്കിൽ കുറഞ്ഞത് ആറുമാസമെങ്കിലും ഇനിയും കാത്തിരിക്കേണ്ടി വരുമെന്നതിൽ സംശയമില്ല.

# നീട്ടി നീട്ടിക്കുഴഞ്ഞു!

 എസ്റ്റിമേറ്റ് തുക: 5 കോടി

 കരാർ: 4.87 കോടി

 പൂർത്തീകരണ സമയം: 12 മാസം

 കരാറുകാരന് സ്ഥലം കൈമാറിയത്: 2018 ഫെബ്രുവരി 3

 ഔദ്യോഗിമായി കരാർ നീട്ടിയത്: 7 തവണ (അനൗദ്യോഗിമായതുൾപ്പെടെ 15 തവണ)

 പണികൾ പൂർത്തീകരിച്ചത്: 69 ശതമാനം

 ഡെക്ക് സ്ളാബ് കോൺക്രീറ്റ് ചെയ്തത്: 2022 മാർച്ച്

# കരാറുകാരനെ ഒഴിക്കാനുള്ള കാരണങ്ങൾ

 നിർമ്മാണ സാമഗ്രികൾ സ്ഥലത്ത് യഥാസമയം സമാഹരിച്ചില്ല

 ജോലിയുടെ പുരോഗതിയും പ്രതിബദ്ധതയും ശരാശരിയിലും താഴെ

 നീണ്ടുനിൽക്കുന്ന നിർമ്മാണം അസൗകര്യങ്ങളും നഷ്ടങ്ങളുമുണ്ടാക്കി

 താമസക്കാരും കച്ചവടക്കാരും പ്രദേശത്ത് നിന്നൊഴിവായി

 കരാർ കാലാവധി നീട്ടാൻ പ്രത്യേക താത്പര്യം

 നിർണായകമായ അവലോകനയോഗങ്ങളിൽ പലതിലും ഹാജരായില്ല

 മനഃപൂർവമായ വീഴ്ച, കരാർ ഉടമ്പടിയുടെ ലംഘനം

 പണി പൂർത്തിയാക്കാൻ ശ്രമിച്ചില്ലെന്ന റിപ്പോർട്ടുകൾ

# പൂർത്തിയാക്കാനുള്ള പണികൾ

 80 മീറ്റർ ഉയരത്തിൽ സംരക്ഷണ ഭിത്തി

 വിംഗ് വാൾ

 ഡേർട്ട് വാൾ

 അപ്പ്രോച്ച് റോഡ്

 ഡെക്ക് സ്ലാബിന്റെ മുകളിൽ കോൺക്രീ​റ്റ് കോട്ടിംഗ്
 ജലപാത വൃത്തിയാക്കൽ

# മൂന്നു മാസത്തിനുള്ളിൽ അടയ്ക്കണം

തുടർപണികളുടെ ചെലവിന്റെ 30 ശതമാനം തുക കരാറുകാരൻ മൂന്ന് മാസത്തിനുള്ളിൽ അടയ്ക്കണം. അടയ്ക്കാതിരുന്നാൽ സുരക്ഷാ നിക്ഷേപം, നിലനിറുത്തൽ തുക, കരാറുകാരന് ലഭിക്കേണ്ട ബിൽ തുക അല്ലെങ്കിൽ സർക്കാർ കരാറുകാരന് നൽകേണ്ട ഏതെങ്കിലും തുക എന്നിവയിൽ നിന്ന് വീണ്ടെടുക്കും.