കൊല്ലം: അന്താരാഷ്‌ട്ര യോഗാദിനമായ ഇന്ന് ടി.കെ.എം കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിൽ നടക്കുന്ന മെഗാ ഇവന്റ് കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. ടി.കെ.എം ട്രസ്റ്റ് പ്രസിഡന്റ് ഷഹൽ ഹസൻ മുസലിയാർ അദ്ധ്യക്ഷനാകും.
എൻ.കെ. പ്രേമചന്ദ്രൻ എം.പി, പി.സി.വിഷ്ണുനാഥ് എം.എൽ.എ, കൊറ്റങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്. ഹുസൈൻ, ഗ്രാമപഞ്ചായത്തംഗം ഷീജ സജീവ് എന്നിവർ പങ്കെടുക്കും. റിസോഴ്‌സ് പേഴ്‌സൺ, യോഗാചാര്യ കെ.പി.ശാന്തി, യോഗ ഇന്റർനാഷണലിന്റെ ചെയർമാനും സ്ഥാപകനുമായ മോഹൻദാസ് മാസ് എന്നിവർ യോഗയ്ക്ക് നേതൃത്വം നൽകും.
സ്ഥാപനത്തിലെ വിദ്യാർത്ഥികളും ഫാക്കൽറ്റി അംഗങ്ങളും സ്റ്റാഫും ചേർന്ന് മാസ് യോഗ നടത്തും. യോഗാദിനാഘോഷങ്ങളുടെ ഭാഗമായി എം.ജി യൂണിവേഴ്സിറ്റി യോഗ ആൻഡ് നാച്ചുറോപ്പതി സെന്റർ പ്രൊഫ. ഡോ. പത്മനാഭന്റെ പരീക്ഷാ സമ്മർദ്ദം നിയന്ത്റിക്കുന്നതിനുള്ള വെബിനാർ, കുടുംബത്തോടൊപ്പം യോഗയെക്കുറിച്ചുള്ള കൊളാഷ് നിർമ്മാണ മത്സരം, ക്വിസ് മത്സരം, പ്രസംഗ മത്സരം, വിദ്യാർത്ഥികൾക്കുള്ള ഒരാഴ്ചത്തെ യോഗ പരിശീലനം എന്നിവ സംഘടിപ്പിച്ചതായി കോളേജ് പ്രിൻസിപ്പൽ ഡോ. ചിത്ര ഗോപിനാഥ്, ഫിസിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ് ഹെഡ് ഡോ. അബ്ദുൽ റഫീഖ്, ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് ഹെഡ് പ്രൊഫ. നിയാസ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.