dr

കൊല്ലം: ഡോ. ജെ. രാജഗോപാലൻ നായർ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒരു വർഷം തികയുന്നു. ഓർക്കാൻ കുറേയേറെ നന്മകൾ നൽകിയിട്ടായിരുന്നു നിത്യതയിലേക്കുള്ള ആ യാത്ര.

സംഘടനാ നേതൃപാടവം, ജൈവകൃഷി, നിസീമമായ സൗഹൃദങ്ങൾ, സാമൂഹ്യ സേവനം ഒക്കെയായി അദ്ദേഹം അവശേഷിപ്പിച്ച് പോയ കാൽപ്പാടുകൾ എന്നും പ്രചോദനമാണ്. കാർക്കശ്യവും ആത്മാർത്ഥതയും അചഞ്ചലമായ കർമ്മകുശലതയും ഓരോ ചുവടുകളിലും പ്രതിഫലിച്ചതായിരുന്നു ഹ്രസ്വമായ ആ യാത്ര.

ഒരുദീർഘമായ മനുഷ്യായുസിൽ കഴിയാവുന്നതിലധികം, അറുപതുകളുടെ തുടക്കത്തിൽ നമ്മെ വിട്ടുപിരിയുന്നതിന് മുമ്പ് തന്നെ അദ്ദേഹം ചെയ്തു തീർത്തു.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ എന്ന സംഘടനയുടെ അമരത്ത് (സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ) ഇരുന്നുകൊണ്ട് തിരുവനന്തപുരത്ത് രാജ്ഭവന് മുന്നിലും ഡൽഹിയിലുമൊക്കെ നടത്തിയ ഐതിഹാസികമായ പ്രകടനങ്ങൾ ലക്ഷ്യം കണ്ടത് നമുക്ക് അറിവുള്ളതാണ്. പ്രതിബന്ധങ്ങളെ സാദ്ധ്യതകളാക്കിയ മാസ്മരിക നേതാവായിരുന്നു ഡോ. ജെ. രാജഗോപാലൻ നായർ.

ഇന്ന് സംസ്ഥാനത്ത് മാതൃകാപരമായി പാലക്കാട് പ്രവർത്തിക്കുന്ന ഇമേജ് എന്ന ബയോമെഡിക്കൽ വേസ്റ്റ് മാനേജ്മെന്റ് പ്ലാന്റ് അദ്ദേഹത്തിന്റെ നേതൃപാടവത്തിനും സംഘടനാ മികവിനും ഉത്തമോദാഹരണമാണ്. സംസ്ഥാനത്ത് പുതിയ പ്ലാന്റുകൾ വരുന്നില്ലെന്ന യാഥാർത്ഥ്യം തന്നെ അദ്ദേഹത്തിന്റെ കർമ്മകുശലതയ്ക്ക് അടിവരയിടുന്നു. അതിന്റെ സ്ഥാപക സെക്രട്ടറിയായിരുന്നു അദ്ദേഹം. 2002 മുതൽ ആറുവർഷം അദ്ദേഹം ആ സ്ഥാനത്ത് തുടർന്നു. ഇതിന് ശേഷം 2008 മുതൽ മൂന്നുവർഷം സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു. 2011ൽ സംസ്ഥാന പ്രസിഡന്റായി. ഐ.എം.എയുടെ എക്കാലത്തും ഓർക്കപ്പെടുന്ന ധീരമായ ചുവടുകൾക്ക്, സംഘടന എന്നും ഡോ. ജെ. രാജഗോപാലൻ നായരെ ഓർക്കും. സ്ഥലം കണ്ടെത്തുന്നതിനും പ്ലാന്റ് സ്ഥാപിക്കുന്നതിനും വേണ്ടി കൊട്ടാരക്കരയിൽ നിന്ന് പാലക്കാട്ടേക്ക് നിരന്തരം നടത്തിയ റോഡ് യാത്രകൾ സമ്മാനിച്ച ഡിസ്‌പ്രൊലാപ്സും നടുവേദനയും അവസാനകാലം വരെയും അദ്ദേഹത്തെ പിന്തുടർന്നു. തങ്ങളാണ് അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടവൻ എന്ന് ഓരോരുത്തർക്കും തോന്നുന്ന തരത്തിലായിരുന്നു എല്ലാവരോടുമുള്ള ഇടപെടൽ. തോന്നൽ മാത്രമല്ല, അത് സത്യവുമായിരുന്നു.

കൊട്ടാരക്കര പടിഞ്ഞാറ്റിൻകര, ചിറയത്ത് ജനാർദ്ദനൻ പിള്ളയുടെയും ലീലാവതിയുടെയും മകനായി ജനനം. കൊട്ടാരക്കരയിലെ സ്കൂളുകളിലും കൊല്ലം എസ്.എൻ കോളേജിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും പഠനം. അനസ്തേഷ്യയിൽ പ്രോസ്റ്റ് ഗ്രാജുവേഷൻ. ഇ.എസ്.ഐ കോർപ്പറേഷനിലും സ്വകാര്യ മേഖലയിലും സ്തുത്യർഹമായ പ്രൊഫഷണൽ സേവനം. ചർമ്മരോഗവിദഗ്ദ്ധ ഡോ. രാധാമണി സഹധർമ്മിണി. ഡോ. രാജു, ഡോ. രാഹുൽ എന്നിവർ മക്കൾ.

തിരക്കുകൾക്കിടയിലും ജൈവകൃഷിയുടെ വിവിധ മേഖലകൾ അദ്ദേഹം തുറന്നിട്ടു. വിഷരഹിത പച്ചക്കറികളും മറ്റ് കാർഷിക വിഭവങ്ങളും ധാരാളം ഉത്പാദിപ്പിച്ചു. വീട്ടിലെത്തുന്ന സുഹൃത്തുക്കൾക്ക് ഗുണമേന്മയുള്ള കാർഷിക വിഭവങ്ങളും തൈകളും വിത്തുകളും നൽകി. ഒരു മുഴുവൻ സമയ കൃഷിക്കാരനേക്കാൾ കാർഷിക അറിവുകൾ സായത്തമാക്കുകയും മറ്റുള്ളവർക്ക് പകർന്നുകൊടുക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ രുചിയൂറും പാചകവൈദഗ്ദ്ധ്യവും സുഹൃത്തുക്കൾ മിക്കവരും അനുഭവിച്ച് അറിഞ്ഞിട്ടുണ്ട്. ഒരു ബഹുമുഖ പ്രതിഭ, മഹാമേരു, അപ്രതീക്ഷിത സമയത്ത് നമ്മെ വിട്ട് നിത്യതയിലേക്ക് മറഞ്ഞു. ആ ധന്യാത്മാവിന് സാഷ്ടാംഗ പ്രണാമം.