result

കൊല്ലം: ഹയർ സെക്കൻഡറി പരീക്ഷയിൽ ജില്ലയിൽ 85.68 ശതമാനം വിജയം. 133 സ്കൂളുകളിലായി 25,990 വിദ്യാർത്ഥികളാണ് ആകെ രജിസ്റ്റർ ചെയ്തത്. ഇതിൽ പരീക്ഷ എഴുതിയ 25,746 വിദ്യാർത്ഥികളിൽ 22,060 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹത നേടി. 2,259 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.

കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ തവണത്തെ മൂല്യനിർണയം ഉദാരമായിരുന്നു. അതുകൊണ്ട് തന്നെ വിജയശതമാനവും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ എണ്ണവും ഉയർന്നിരുന്നു. ഇത്തവണ ഇളവുകൾ ഇല്ലാഞ്ഞതിനാൽ വിജയശതമാനത്തിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും കുറവ് സംഭവിച്ചിട്ടുണ്ട്.

നൂറുമേനി ആർക്കുമില്ല

ജില്ലയിൽ ഇത്തവണ ഒരു സ്കൂളിനും നൂറ് ശതമാനം വിജയം നേടാനായില്ല. കഴിഞ്ഞവർഷം നാല് സ്കൂളുകൾ നൂറ് ശതമാനം വിജയം നേടിയിരുന്നു.

വർഷം - വിജയശതമാനം - ഫുൾ എ പ്ലസ്

2020 - 85.68 %, 2259

2021 - 88.83 %, 3786

2020 - 85.90 %, 1717

2019 - 85.20 %, 1476

2018 - 83.92 %, 1381

ഓപ്പൺ സ്കൂളിൽ 49.38 % വിജയം

ഓപ്പൺ സ്കൂൾ പ്ലസ് ടു വിഭാഗത്തിൽ ജില്ലയിൽ 49.38 ശതമാനം പേർ വിജയിച്ചു. ആകെ 1,306 വിദ്യാർത്ഥികളാണ് രജിസ്റ്റർ ചെയ്തത്. പരീക്ഷ എഴുതിയ 1,284 വിദ്യാർത്ഥികളിൽ 634 പേരാണ് ഉപരിപഠനത്തിന് അർഹത നേടിയത്. 7 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. വിജയശതമാനത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ വലിയ ഇടിവ് സംഭവിച്ചിട്ടുണ്ട്.

വർഷം - വിജയശതമാനം - ഫുൾ എ പ്ലസ്

2022- 49.38 % - 7

2021- 58.52 % - 8

വി.എച്ച്.എസ്.ഇയിൽ 87.77 %

ഹയർ സെക്കൻഡറി സ്കൂൾ ഗോയിംഗ്, ഓപ്പൺ സ്കൂൾ വിഭാഗങ്ങളിലെ വിജയശതമാനം ഇടിഞ്ഞപ്പോൾ വി.എച്ച്.എസ്.ഇ വിജയശതമാനം ഉയർന്നു. ഇത്തവണ 87.77 ശതമാനമാണ് വിജയം. ആകെ പരീക്ഷ എഴുതിയ 4,112 വിദ്യാർത്ഥികളിൽ 3,609 പേർ വിജയിച്ചു. നാല് സ്കൂളുകൾ നൂറ് ശതമാനം വിജയം നേടി. ഗവ.വി.എച്ച്.എസ്.എസ് കരുനാഗപ്പള്ളി, ഗവ. വി.എച്ച്.എസ്.എസ് കൊറ്റൻകുളങ്ങര, ഗവ. വി.എച്ച്.എസ്.എസ് അച്ചൻകോവിൽ, വി.വി.എച്ച്.എസ്.എസ് അയത്തിൽ എന്നീ സ്കൂളുകളാണ് നൂറ് ശതമാനം വിജയം നേടിയത്.

വർഷം - വിജയശതമാനം

2022- 87.77 %

2021- 86.6 %