
കൊല്ലം: ആധുനിക മെഷീനുകളും സംവിധാനങ്ങളും സജ്ജമാക്കുന്നതുൾപ്പെടെ കശുഅണ്ടി മേഖലയിൽ മാറ്റം ആവശ്യമാണെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. കശുഅണ്ടി വികസന കോർപ്പറേഷനിൽ പുതുതായി നിയമിതരായ 535 തൊഴിലാളികൾക്ക് നിയമന ഉത്തരവ് നൽകുകയായിരുന്നു അദ്ദേഹം.
അയത്തിൽ വാല്യു അഡിഷൻ യൂണിറ്റ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ആധുനികവത്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച പാക്കിംഗ് മെഷീൻ സ്വിച്ച് ഓൺ കർമ്മവും മന്ത്രി നിർവഹിച്ചു. കോർപ്പറേഷന്റെ പുതിയ ലോഗോയും അദ്ദേഹം പ്രകാശനം ചെയ്തു. കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ അദ്ധ്യക്ഷനായി. മികവ് 2022ന്റെ ഭാഗമായി എം.ജി സർവകലാശാലയിൽ നിന്ന് എം.എസ്‌സി കമ്പ്യൂട്ടർ സയൻസിൽ ഒന്നാം റാങ്ക് നേടിയ കോർപ്പറേഷന്റെ പരുത്തുംപാറ ഫാക്ടറിയിലെ പീലിംഗ് തൊഴിലാളി ചിന്നമ്മയുടെ മകൾ എയ്ഞ്ചൽ ഫിലിപ്പോസിനെ അനുമോദിച്ചു.
മേയർ പ്രസന്ന ഏണസ്റ്റ് മുഖ്യാതിഥിയായി. കാപ്പെക്‌സ് ചെയർമാൻ എം.ശിവശങ്കരപിള്ള, മാനേജിംഗ് ഡയറക്ടർ ഡോ. രാജേഷ് രാമകൃഷ്ണൻ, കൗൺസിലർ ജി.ഉദയകുമാർ എന്നിവർ സംസാരിച്ചു.