photo
എം.സുരേന്ദ്രൻ

കൊട്ടാരക്കര: സി.പി.ഐ കൊട്ടാരക്കര ലോക്കൽ കമ്മിറ്റി സെക്രട്ടറിയ്ക്കെതിരെ നടപടി. കൊട്ടാരക്കര ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.സുരേന്ദ്രനെയാണ് മാറ്റിയത്. പകരം അസി.സെക്രട്ടറി സി.ആർ.മഹേഷിന് സെക്രട്ടറിയുടെ ചുമതല നൽകി. ഇന്നലെ സംസ്ഥാന കമ്മിറ്റി അംഗം കെ.രാജുവിന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന മണ്ഡലം കമ്മിറ്റി യോഗത്തിലും തുടർന്ന് നടന്ന ലോക്കൽ കമ്മിറ്റി യോഗത്തിലുമാണ് സെക്രട്ടറിയെ മാറ്റാൻ തീരുമാനമെടുത്തത്. ഈ മാസം 4നാണ് ലോക്കൽ സമ്മേളനത്തിൽ എം. സുരേന്ദ്രനെ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്ത്. മുൻപ് ഷാപ്പ് കോൺട്രാക്ടറായിരുന്ന സുരേന്ദ്രൻ പാർട്ടിയിൽ സജീവമാവുകയും തൊട്ടുമുൻപുള്ള സമ്മേളനത്തിൽ സെക്രട്ടറിയാവുകയുമായിരുന്നു. രണ്ടാം തവണയും സെക്രട്ടറിയായപ്പോൾത്തന്നെ പാർട്ടിക്കുള്ളിൽ താളപ്പിഴകൾ തുടങ്ങിയിരുന്നു. പത്ത് വർഷം മുൻപുള്ള ഒരു ഭൂമി ഇടപാടുമായി ബന്ധപ്പെട്ടുള്ള ആരോപണം നിലനിൽക്കുമ്പോഴാണ് സെക്രട്ടറിയാക്കിയത്. ഇപ്പോൾ പണം ഇടപാടുമായി ബന്ധപ്പെട്ട് ഒരു വീട്ടമ്മ പാർട്ടി നേതൃത്വത്തിന് രേഖാമൂലം പരാതി നൽകിയത് ചർച്ച ചെയ്തിട്ടാണ് സുരേന്ദ്രനെതിരെ നടപടിയെടുക്കാൻ തീരുമാനമായത്.