 
കൊല്ലം: കുരീപ്പുഴ ചണ്ടി ഡിപ്പോയിലെ ബയോമൈനിംഗ് വീക്ഷിക്കാൻ ലോകബാങ്ക് സംഘം ഇന്ന് കുരീപ്പുഴയിലെത്തും. അഷ്ടമുടിക്കായലിന്റെ ദുരവസ്ഥ പഠിക്കാനെത്തുന്ന നിയമസഭാ പരിസ്ഥിതി സമിതിയും ഇന്ന് കുരീപ്പുഴ സന്ദർശിക്കും.
ചണ്ടിഡിപ്പോയിലെ ബയോമെനിംഗ് നിലവിൽ 85 ശതമാനം പൂർത്തിയായി. മൂന്ന് വ്യത്യസ്ത ഉയരത്തിലുള്ള തട്ടുകളായാണ് ഇവിടെ മാലിന്യം കുന്നുകൂടി കിടന്നിരുന്നത്. ഇതിൽ ആദ്യ രണ്ട തട്ടുകളിലെ ഉപരിതല മാലിന്യത്തിന് പുറമേ ഖനനം ചെയ്ത് തറനിരപ്പിൽ നിന്ന് താഴെ ഉണ്ടായിരുന്ന മാലിന്യവും നീക്കി. കായലിനോട് ചേർന്നുള്ള മൂന്നാമത്തെ തട്ടിലെ മാലിന്യമാണ് ഇപ്പോൾ നീക്കുന്നത്. ബയോ മൈനിംഗ് പൂർണമായും പൂർത്തിയാകാൻ ഏകദേശം രണ്ടുമാസം വേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ.
കുരീപ്പുഴയിൽ അഞ്ചര ഏക്കർ സ്ഥലത്താണ് പതിറ്റാണ്ടുകൾ പഴക്കമുള്ള മാലിന്യം കെട്ടിക്കിടന്നത്. തമിഴ്നാട് ഈറോഡ് ആസ്ഥാനമായുള്ള സിഗ്മ ഇന്റർനാഷണൽ എന്ന സ്വകാര്യ കമ്പനിയാണ് കരാറെടുത്തിരിക്കുന്നത്. ബയോ മൈനിംഗ് പൂർത്തിയായാൽ മാത്രമേ, മാലിന്യത്തിൽ നിന്ന് ഊർജ്ജം ഉത്പാദിപ്പിക്കുന്ന വേസ്റ്റ് ടു എനർജി പ്ലാന്റ് സ്ഥാപിക്കാനാകു.
 കെട്ടിക്കിടക്കുന്ന മാലിന്യം 1,04, 906. 88 ഘനമീറ്റർ
 ഇതുവരെ ഏകദേശം നീക്കിയത്: 85 ലക്ഷം ഘനമീറ്റർ
 ഒരു ഘന മീറ്റർ മാലിന്യം സംസ്കരിക്കാൻ: 1130 രൂപ
 ആകെ ചെലവാകുന്നത് : 11.85 കോടി
 മാലിന്യം കെട്ടിക്കിടക്കുന്നത്: 5.47 ഏക്കറിൽ
32 കോടിയുടെ പദ്ധതിയുമായി നഗരസഭ
ജലാശയങ്ങളുടെ പുനരുദ്ധാരണം, കുടിവെള്ള വിതരണം, ശുചിത്വം, മാലിന്യ സംസ്കരണം എന്നീ മേഖലകളിൽ 32 കോടിയുടെ പദ്ധതിയുമായി നഗരസഭ. അമൃത് പദ്ധതികൾക്ക് പുറമേ നഗരസഞ്ചയം പദ്ധതിയിലാണ് ഈ തുക വകയിരുത്തിയിരിക്കുന്നത്. അഷ്ടമുടിക്കായലിന്റെ പുനരുദ്ധാരണത്തിന് 11 കോടി, കുടിവെള്ള വിതരണത്തിന് 9.23 കോടി, ശുചിത്വം, മാലിന്യസംസ്കരണം എന്നിവയ്ക്ക് 12. 33 കോടി എന്നിങ്ങനെയാണ് വകയിരുത്തൽ.