
കുന്നിക്കോട്: കൊല്ലം - തിരുമംഗലം ദേശീയപാതയിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. മേലിയ ഗ്രാമപഞ്ചായത്തിലെ വില്ലൂർ അലൻ നിവാസിൽ അലൻ രാജുവാണ് (രഞ്ജു, 34) മരിച്ചത്.
തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് അപകടം. കുന്നിക്കോട് ശാസ്ത്രി ജംഗ്ഷനിലുള്ള പമ്പിൽ നിന്ന് ബൈക്കിൽ പെട്രോൾ നിറച്ച ശേഷം ദേശീയപാതയിലേക്ക് പ്രവശിക്കുന്നതിനിടെയാണ് അപകടം. അമിത വേഗത്തിൽ പുനലൂർ ഭാഗത്ത് നിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് ചക്ക കയറ്റിവന്ന പിക്കപ്പ് വാൻ ബൈക്കിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ അലൻ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അലനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹയാത്രക്കാരനായ വില്ലൂർ ദിലീഷ് ഭവനിൽ ദിലീഷിനെ (36) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരേതനായ രാജന്റെയും പൊന്നമ്മയുടെയും മകനാണ് അലൻ. സഹോദരി മഞ്ജു.