കൊല്ലം: നളന്റെ പ്രണയ ദൂതുമായി ഹംസം ക്ളാസ് മുറിയിൽ പറന്നിറങ്ങി. അംഗനമാർ മൗലേ ബാലേ എന്ന സംബോധനയോടെ ഹംസം ദമയന്തിയോട് സംസാരിക്കുന്നത് കുട്ടിക്കൂട്ടം നോക്കിയിരുന്നു. വലുതായിട്ടും ചെറുപ്പം മാറാത്ത ദമയന്തി 'തൊട്ടേനെ ഞാൻ കൈകൾ കൊണ്ടു തോഴിമാരെ' എന്ന് ചൊല്ലി ഹംസത്തിന് പിന്നാലെ നീങ്ങുന്നതും ഫലിതവും പരിഹാസവും പ്രണയവും തുളുമ്പുന്ന മധുര ഭാഷണങ്ങളുമൊക്കെയായി നളചരിതം ആട്ടക്കഥയെ കുട്ടിമനസുകൾ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങി. കൊട്ടാരക്കര താമരക്കുടി ശിവവിലാസം വി.എച്ച്.എസ്.എസിലാണ് ക്ളാസ് മുറിയിൽ നളചരിതം ആട്ടക്കഥ അവതരിപ്പിച്ചത്. സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും വായനാ വാരാഘോഷവുമാണ് കഥകളി അവതരണത്തിലൂടെ ഹൃദ്യാനുഭവമാക്കി മാറ്റിയത്. കലാ മണ്ഡലം പ്രശാന്താണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. കലാ മണ്ഡലം ഗണേശ്, കലാമണ്ഡലം അനന്തു ശങ്കർ, കലാമണ്ഡലം ആരോമൽ, കലാമണ്ഡലം ശ്യാം ദാസ്, അഭിജിത്ത് പ്രശാന്ത്, തിരുവല്ല സുരേഷ്, പരിമണം മധു, പന്മന അരുൺ എന്നിവർ അരങ്ങിലും അണിയറയിലുമായെത്തി. പി.ടി.എ പ്രസിഡന്റ് ആർ.സജി ചടങ്ങിൽ അദ്ധ്യക്ഷനായി. മാനേജർ രാജശേഖരൻ പിള്ള, പ്രഥമാദ്ധ്യാപിക എം.എസ്.അനിത, അദ്ധ്യാപകരായ എസ്.ജയലക്ഷ്മി, വി.ശ്രീലേഖ എന്നിവർ സംസാരിച്ചു.