കൊല്ലം: കല്ലുപാലം നി​ർമ്മാണത്തി​ന്റെ നി​ലവി​ലെ കരാർ റദ്ദാക്കിയെങ്കിലും പണി​ പൂർത്തീകരിക്കുന്ന കാര്യത്തിൽ അധി​കൃതർ ഉദാസീനത തുടരുന്നു. തിരുവനന്തപുരം ഹെതർ ഇൻഫ്രാസ്ട്രക്ച്ചർ മാനേജിംഗ് ഡയറക്ടർ ജോർജ് എബ്രഹാമുമായുള്ള നിർമ്മാണ കരാർ 14 നാണ് നിർവഹണ ഏജൻസിയായ ഉൾനാടൻ ജലഗതാഗത വകുപ്പ് റദ്ദാക്കിയത്.

പാലം പണി​ അടി​യന്തി​രമായി​ പൂർത്തി​യാക്കാൻ ഉടൻതന്നെ ടെൻഡർ നടപടികളി​ലേക്കു ക​ടക്കുമെന്നും കരാറുകാരൻ കോടതിയിൽ പോകുന്നതിന് തടയിടുമെന്നും അധികൃതർ പറഞ്ഞിരുന്നു. എന്നാൽ കരാർ റദ്ദാക്കി ഒരാഴ്ച പിന്നിട്ടിട്ടും ടെൻഡർ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന പതിവുപല്ലവി ആവർത്തിക്കുന്നതൊഴിച്ചാൽ മറ്റൊന്നും മുന്നോട്ടു നീങ്ങുന്നി​ല്ല. കരാർ റദ്ദാക്കി​യ തീരുമാനത്തി​നെതി​രെ കോടതി​യി​ൽ നി​ന്ന് സ്റ്റേ വാങ്ങാൻ കരാറുകാരന് അവസരമൊരുക്കാനുള്ള ഗൂഢനീക്കമാണ് അധി​കൃതരുടെ ഭാഗത്തുനി​ന്ന് ഉണ്ടാവുന്നതെന്ന് ആരോപണമുണ്ട്.

അവശേഷിക്കുന്ന പ്രവൃത്തിയുടെ 30 ശതമാനം തുക കരാറുകാരനിൽ നിന്ന് ഈടാക്കുമെന്നാണ് നിർവഹണ ഏജൻസിയായ ഉൾനാടൻ ജലഗതാഗത വകുപ്പ് ഡയറക്ടറേ​റ്റ് പറയുന്നത്. ആകെ 1.5 കോടി രൂപ മാത്രമാണ് ഇനിയുള്ള പണികൾക്കായി വകുപ്പ് കണക്കുകൂട്ടിയിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പിന്റെ പുതുക്കിയ നിരക്കുകൾ പ്രകാരം ഈ തുക മതിയാകില്ലെന്ന് അധികൃതർക്ക് അറിയാമെങ്കിലും അടയ്‌ക്കേണ്ട 30 ശതമാനം തുകയിൽ കുറവ് വരുത്തി കരാറുകാരനെ സഹായിക്കാനുള്ള നീക്കമാണിതെന്നും ആരോപണമുണ്ട്. വേഗത്തിൽ ടെൻഡർ ക്ഷണിച്ചാൽ പോലും കരാർ തീരുമാനമാകാൻ മാത്രം ഒരു മാസത്തോളം വേണ്ടി വരും. പിന്നീട് സാങ്കേതിക നടപടികൾ പൂർത്തിയായി നിർമ്മാണം പൂർത്തിയാകാൻ ഇനിയും മാസങ്ങൾ കാത്തിരിക്കേണ്ടി വരും.

# കല്ലുപാലം

 നീളം: 22 മീ​റ്റർ
 വീതി: 7.5 മീ​റ്റർ
 നടപ്പാത: 1.5 മീ​റ്റർ (ഇരുവശവും)

 ജലനിരപ്പിൽ നിന്നുള്ള ഉയരം: 5 മീ​റ്റർ

 ജലനിരപ്പിനോട് ചേർന്നുള്ള നീളം: 15 മീ​റ്റർ

 പഴയപാലം പൊളിച്ചുനീക്കിയത്: 2019 സെപ്തംബർ

 പുനർനിർമ്മാണം ആരംഭിച്ചത്: 2019 ഒക്ടോബർ

# കൈനിറയെ പണം

 എസ്റ്റിമേറ്റ് തുക: 5 കോടി

 കരാർ തുക: 4.87 കോടി

 ഇതുവരെ കരാറുകാരൻ കൈപ്പറ്റിയത്: ഏകദേശം 3.5 കോടി (കൂടുതൽ തുകയ്ക്കുള്ള ബില്ലുകൾ പരിഗണനയിൽ)

 പണികൾ പൂർത്തീകരിച്ചത്: 69 ശതമാനം

 കൈപ്പറ്റിയത്: 71.86 ശതമാനം തുക


# ഇനി പൂർത്തിയാക്കേണ്ടത്

 80 മീ​റ്റർ ഉയരത്തിൽ സംരക്ഷണ ഭിത്തി

 വിംഗ് വാൾ

 ഡേർട്ട് വാൾ

 അപ്രോച്ച് റോഡ്

 ഡെക്ക് സ്ലാബിന്റെ മുകളിൽ കോൺക്രീറ്റ് കോട്ടിംഗ്
 ജലപാത വൃത്തിയാക്കൽ