
ചവറ: പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷാ വിജയം ആഘോഷിക്കാൻ കടലിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ട രണ്ട് വിദ്യാർത്ഥികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. പന്മന വടക്കുംതല പാലവിള കിഴക്കതിൽ വീട്ടിൽ പരേതനായ ബിജുവിന്റെ മകൻ വിനീഷ് (16), പന്മന മിടാപ്പള്ളി കൊച്ചു കാരിത്തറയിൽ ഉഷാകുമാരിയുടെ മകൻ ജയകൃഷ്ണൻ (17) എന്നിവരാണ് മരിച്ചത്.
വിനീഷിന്റെ മൃതദേഹം ഇന്നലെ രാവിലെ കരുത്തുറ പള്ളിക്ക് സമീപം അടിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ജയകൃഷ്ണന്റെ മൃതദേഹം മറൈൻ എൻഫോഴ്സ്മെന്റിന്റെ തെരച്ചിലിൽ ചവറ കോവിൽത്തോട്ടത്തിന് സമീപം രാവിലെ 7.50 ഓടെ കണ്ടെത്തി.
ചൊവ്വാഴ്ച വൈകിട്ട് അറോടെ ചവറ ഐ.ആർ.ഐയുടെ മൈനിംഗ് ബ്ലോക്ക് 132ന് സമീപത്താണ് അഞ്ചംഗ വിദ്യാർത്ഥി സംഘത്തിലെ രണ്ടുപേർ തിരയിൽപ്പെട്ടത്. രണ്ട് കടൽഭിത്തികൾക്കിടയിൽ വള്ളങ്ങൾ അടുക്കുന്ന ഭാഗത്തായിരുന്നു അപകടം. കടൽഭിത്തികൾക്കിടയിലൂടെ ശക്തമായ തിര അടിക്കുന്ന ഇവിടെ ഇടയ്ക്കിടെ ചെറു ചുഴികളും ഉണ്ടാകാറുണ്ട്. അഞ്ചുപേരും കുളിക്കുന്നതിനിടെ വലിയൊരു തെർമോകോൾ കഷ്ണം ഒഴുകിയെത്തി. ജയകൃഷ്ണനും വിനീഷും ഈ തെർമോക്കോളിന് മുകളിൽ കയറിയിരുന്ന് കളിച്ചു. ഇതിനിടയിലെത്തിയ ശക്തമായ തിരയിൽപ്പെട്ട് തെർമോകോൾ മറിഞ്ഞാണ് ഇരുവരും കുടുങ്ങിയത്. നീന്തലറിയാവുന്ന ജയകൃഷ്ണൻ വിനീഷിനെ വലിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും തുടർച്ചയായി അടിച്ച തിരമാലകളിൽ ഇരുവരും അകപ്പെടുകയായിരുന്നു. ജയകൃഷ്ണൻ ഇക്കുറി പ്ലസ് ടുവും വിനീഷ് പത്താം ക്ലാസും വിജയിച്ചിരുന്നു.