asda
നി​യ​മ​സ​ഭാ പ​രി​സ്ഥി​തി ക​മ്മി​റ്റി അം​ഗ​ങ്ങൾ അ​ഷ്​ട​മു​ടി​ക്കാ​യൽ സ​ന്ദർ​ശിച്ചപ്പോൾ

കൊല്ലം: അഷ്ടമുടി കായൽ മാലിന്യ മുക്തമാക്കാൻ അടിയന്തര നടപടിയുണ്ടാകണമെന്ന് നിയമസഭാ പരിസ്ഥിതി കമ്മിറ്റി. ഇന്നലെ കളക്ട്രേറ്റ് കോൺഫ്രറൻസ് ഹാളിൽ നടന്ന പരിസ്ഥിതി കമ്മറ്റിയുടെ സിറ്റിംഗിൽ വീടുകളിൽ നിന്നുളള മാലിന്യം കായലിൽ ഒഴുക്കുന്നതും അറവ് മാലിന്യം കായലിൽ തളളുന്നതും കായൽ കൈയേറ്റവുമെല്ലാം ഗുരുതരപാരിസ്ഥിതിക പ്രശ്നം സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെട്ടു. മണിച്ചിത്തോട് ഉൾപ്പെടെ ചെറുതോടുകളിൽ നിന്നുളള മാലിന്യം കായലിൽ ഒഴുകിയെത്തുന്നു. വേലിയേറ്റത്തിൽ മാലിന്യങ്ങൾ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ ഭാഗത്ത് അടിഞ്ഞു കൂടുന്നു. കായൽ തീരങ്ങളിൽ ആയിരത്തോളം കൈയേറ്റങ്ങൾ കണ്ടെത്തി. 57.43 ഏക്കർ ഭൂമിയാണ് കൈയേറിയത്.

11 കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ നടപടിയെടുത്തു. പഴയ ബോട്ടുകൾ പൊളിക്കുമ്പോൾ തെർമ്മോക്കോൾ ഉൾപ്പെടെ മാലിന്യങ്ങൾ യാർഡുകളിൽ നിന്ന് കായലിൽ തളളുന്നു. 48 ഓളം യാർഡുകൾക്ക് രജിസ്ട്രേഷനില്ല. നോട്ടീസ് നൽകിയിട്ടും നടപടി ഇല്ല. കോർപ്പറേഷൻ നേതൃത്വത്തിൽ സമീപ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ആവിഷകരിച്ച പദ്ധതിയിലൂടെ 9 ടൺ അജൈവ മാലിന്യങ്ങൾ നീക്കം ചെയ്തു. 234 ഹരിത കർമ്മസേനാ പ്രവർത്തകർ നഗരത്തിലുണ്ട്. ഒരു വർഷം കൊണ്ട് നഗരത്തിലെ മാലിന്യ സംസ്കരണം ശാസ്തീയമാവും. കുരീപ്പുഴയിലെ സീവേജ് ട്രീറ്റ്മെന്റ് പ്ളാന്റിന്റെ നിർമ്മാണം പുരോഗമിക്കുന്നു. കുരീപ്പുഴ ചണ്ടി ഡിപ്പോയിലെ ബയോ മൈനിംഗ് 80 ശതമാനം പൂർത്തിയായി. പരിസ്ഥിതി കമ്മറ്റി ചെയർമാൻ സി.കെ.വിജയൻ, അംഗങ്ങളായ ജോബ് മൈക്കിൾ, കെ.ഡി.പ്രസേനൻ, ജില്ലാ കളക്ടർ അഫ്സാനാ പർവീണ തുടങ്ങിയവർ പങ്കെടുത്തു.

പ്രധാന നിർദേശങ്ങൾ

1. വീടുകളിൽ നിന്നുളള കക്കൂസ് മാലിന്യം കായലിലേക്ക് ഒഴുക്കുന്നത് കർശനമായി തടയണം

2. ഗ്രാമപഞ്ചായത്തുകൾ ആധുനിക ടോയ്ലറ്റ് സൗകര്യം ലഭ്യമാക്കണം.

3. ബയോ ടോയ്ലറ്റുകൾക്ക് പ്രാമുഖ്യം നൽകണം

4. വീടുകളിൽ നിന്നുളള സീവേജ് മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിക്കാൻ നഗരസഭ പ്ളാന്റുകൾ സ്ഥാപിക്കണം

5. ഹോട്ടലുകൾ, റിസോർട്ടുകൾ,​ ആശുപത്രികൾ എന്നിവയിൽ നിന്നുളള മാലിന്യം കായലിൽ തളളുന്നത് ആരോഗ്യ വകുപ്പ് നിരീക്ഷിക്കണം

6. കായലിലെയും തീരത്തുളള കിണറുകളിലെയും ജലത്തിലെ കോളിഫാം ബാക്ടീരിയയുടെ അളവ് ശേഖരിക്കണം

7. ഹൗസ് ബോട്ടുകളിൽ നിന്നുളള മാലിന്യം കായലിൽ തളളരുത്

8. മാലിന്യം ശേഖരിച്ച് സംസ്കരിക്കണം. ഇതിന്റെ ചെലവ് ഹൗസ് ബോട്ടുകൾ വഹിക്കണം

9. ബോട്ടുകൾ പൊളിച്ച് മാലിന്യം കായലിൽ തളളുന്ന യാർഡുകൾക്കെതിരെ ശക്തമായ നടപടി ഉണ്ടാവണം

10. കൈയേറ്റങ്ങൾ കണ്ടെത്താൻ സർവയർമാരെ താത്കാലികമായി നിയമിക്കണം