 
കിടപ്രം- അരിനല്ലൂർ പാലം വന്നാൽ
ദൂരം മായും ദേശങ്ങൾ അടുക്കും
പടിഞ്ഞാറേകല്ലട : കടത്തുവള്ളമല്ലാതെ മറ്റ് യാത്രാസൗകര്യങ്ങളൊന്നുമില്ലാത്തയിടം. കിടപ്രം. ഒറ്റപ്പെട്ട് കിടക്കുന്ന അവിടേക്ക് ഒരു പാലം വന്നാൽ നാടിന്റെ തന്നെ ഏറ്റവും വലിയ വികസന സ്വപ്നം സഫലമാകും. അങ്ങനെ വന്നാൽ മൺട്രോത്തുരുത്ത് പഞ്ചായത്തും തേവലക്കര പഞ്ചായത്തും തമ്മിലുള്ള ദൂരം കുറയും. കിടപ്രം കടവിനെയും അരിനല്ലൂർ കടവിനെയും തമ്മിൽ ബന്ധിപ്പിച്ചുള്ള പാലം വരണമെന്നാണ് നാട്ടുകാരുടെ ആവശ്യം . ഇരു കടവുകളും തമ്മിൽ ഏകദേശം 20 മീറ്റർ ദൂരം മാത്രമേയുള്ളു. പടിഞ്ഞാറേകല്ലട പഞ്ചായത്തിലെ കോതപുരം വാർഡിനോട് ചേർന്നാണ് കിടപ്രം വാർഡ് , ചവറ, ഭരണിക്കാവ് സംസ്ഥാനപാതയിൽ പടപ്പനാലിന് സമീപമുള്ള മഞ്ഞിപ്പുഴ മുക്കിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരെയാണ് അരിനല്ലൂർ കടവ് . ഇവിടെ നിന്ന് മൺറോത്തുരുത്ത് പഞ്ചായത്തിലെ മറ്റൊരു വാർഡായ പെരുങ്ങാലവുമായി ബന്ധിപ്പിച്ച് ഒരു പാലം നിർമ്മിക്കുന്നതിന് 20 കോടി രൂപ സർക്കാരിൽ നിന്ന് അനുവദിച്ചിട്ടുണ്ട്. അതിന്റെ തുടർ നടപടിക്രമങ്ങൾ ഇപ്പോൾ നടന്നുവരികയാണ്. ആ പാലത്തിന്റെ നിർമ്മാണത്തിലാണ് കിടപ്രം പാലം പ്രതീക്ഷയർപ്പിക്കുന്നത്.
ചെറിയ പാലം മതി
അരിനല്ലൂർ - പെരുങ്ങാലം പാലത്തോടൊപ്പം കിടപ്രത്തേക്ക് ഏകദേശം 20 മീറ്റർ ദൂരത്തിലുള്ള ഒരു ചെറിയ പാലം മതിയാകും. ഇത് നടപ്പിലാക്കുന്നതോടെ ജനങ്ങൾക്ക് വാഹന യാത്രയിൽ കിലോമീറ്ററുകളുടെ ദൂര , സമയ, സാമ്പത്തികനേട്ടവും ലഭിക്കും. പെരുമൺ ,കണ്ണങ്കാട് റൂട്ട് യാഥാർഥ്യമാകുന്നതോടെ കണ്ണങ്കാട്ട് കടവിൽ നിന്ന് ചവറ ,ഭരണിക്കാവ് സംസ്ഥാന പാതയിലേക്കുള്ള ഒരു ബൈപ്പാസായും ഇതിനെ ഉപയോഗപ്പെടുത്താം. കിടപ്രം , അരിനല്ലൂർ കടവുകളെ ബന്ധിപ്പിച്ച് പാലം നിർമ്മിക്കുന്നതിൽ അധികാരികൾ അടിയന്തര ശ്രദ്ധ ചെലുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അരിനല്ലൂർ കടവിനെയും പെരുങ്ങാലം കടവിനെയും തമ്മിൽ ബന്ധിപ്പിച്ച് ഒരു പാലം നിർമ്മിക്കാൻ 20 കോടിയോളം രൂപഅനുവദിച്ചിട്ടുണ്ട്. എന്നാൽ മണ്ണ് പരിശോധനയിൽ ഭൂമിയുടെ ഉറപ്പ് കുറവായതിനാൽ തൂണുകളുടെ എണ്ണം കൂട്ടേണ്ടി വരും. നിർമ്മാണച്ചെലവ് 50 കോടിയിലധികം വേണ്ടി വരുമെന്നാണ് കണക്കുകൂട്ടൽ. ഇതിന് സർക്കാരിൽ നിന്ന് അനുമതി ലഭിക്കണം. ഈ പാലത്തിൽ നിന്ന് ഒരു ചെറിയ പാലം കിടപ്രവുമായി ബന്ധിപ്പിക്കുന്നതിന് കുന്നത്തൂർ എം.എൽ.എയുമായി കൂടിയാലോചിക്കും.
ഡോ.സുജിത്ത് വിജയൻ പിള്ള , എം.എൽ.എ
ചവറ
കുന്നത്തൂർ ,ചവറ മണ്ഡലങ്ങളുടെ സമഗ്രവികസനത്തിന് ഏറെ പ്രാധാന്യമർഹിക്കുന്ന ഒരു പാലം എന്ന നിലയിൽ കിഫ്ബി , ധനകാര്യവകുപ്പ്, ചവറ എം.എൽ.എ എന്നിവരുമായി കൂടിയാലോചിച്ച് നടപടി സ്വീകരിക്കും.
കോവൂർ കുഞ്ഞുമോൻ എം.എൽ.എ
കുന്നത്തൂർ .
ടൂറിസം വില്ലേജായ മൺട്രോത്തുരുത്ത് , പടിഞ്ഞാറേകല്ലട, തേവലക്കര, ചവറ, തെക്കുംഭാഗം എന്നീ പഞ്ചായത്തുകളുടെ സമഗ്രവികസനത്തിന് ഭാവിയിൽ ഏറെ പ്രയോജനപ്പെടുന്നതാണ് ഈ പാലം. ഇരു സ്ഥലങ്ങളും തമ്മിൽ ബന്ധപ്പെടാൻ കടത്തുവള്ളമല്ലാതെ യാതൊരു മാർഗങ്ങളും നിലവിൽ ഇല്ല
കളത്തിൽ ടി. ഗോപാലകൃഷ്ണപിള്ള
റിട്ട:ഡിവൈ . എസ്.പി
പ്രദേശവാസി