കൊല്ലം: നിയമസഭാ പരിസ്ഥിതി കമ്മിറ്റി യോഗത്തിൽ വൈകിയെത്തിയ നീണ്ടകര പഞ്ചായത്ത് സെക്രട്ടറിക്ക് കമ്മിഷന്റെ ശാസന. രാവിലെ 10ന് ആരംഭിച്ച യോഗത്തിൽ കായൽ തീരത്തുളള പഞ്ചായത്ത് സെക്രട്ടറിമാരിൽ നിന്ന് കായൽ സംരക്ഷണം സംബന്ധിച്ച റിപ്പോർട്ട് തേടിയിരുന്നു. നീണ്ടകര പഞ്ചായത്ത് സെക്രട്ടറിയെ വിളിച്ചപ്പോൾ അദ്ദേഹം എത്തിയിരുന്നില്ല. തുടർന്ന് പഞ്ചായത്ത് ഡപ്യുട്ടി ഡയറക്ടർ ഫോണിൽ വിളിച്ച് വരുത്തുകയായിരുന്നു. 12 മണിയോടെ എത്തിയ അദ്ദേഹം കമ്മിഷന്റെ ചോദ്യങ്ങൾക്ക് ത്യപ്തികരമായ മറുപടി നൽകിയതുമില്ല. ഇതേ തുടർന്ന് കമ്മിഷൻ അദേഹത്തെ ശാസിക്കുകയായിരുന്നു. വാഹന തകറാറാണ് വൈകിയതിന് കാരണമായി അദ്ദേഹം വിശദീകരിച്ചത്.

മാലിന്യപ്രശ്നം പഠിക്കാൻ

കായൽ യാത്ര

അഷ്ടമുടി കായലിലെ മാലിന്യ പ്രശ്നങ്ങൾ പഠിക്കാൻ നിയമസഭാ പരിസ്ഥിതി കമ്മിറ്റി ചെയർമാനും അംഗങ്ങളും കായൽ യാത്ര നടത്തി. കെ.എസ്.ആ‌ർ.ടി.സി ബസ് സ്റ്റാൻഡ് പരിസരം ഉൾപ്പെടെ സന്ദർശിച്ചു. പരിസ്ഥിതി കമ്മിറ്റി ചെയർമാൻ സി. കെ.വിജയൻ, അംഗങ്ങളായ കെ.ഡി. പ്രസേനൻ, യു.പ്രതിഭ, ജോബ് മൈക്കിൾ, ജില്ലാ കലക്ട‌ർ അഫ്‌സാന പർവീൺ, എ.ഡി.എം ബീനറാണി, സബ് കലക്ടർ ചേതൻ കുമാർ മീണ, ഡെപ്യുട്ടി കലക്ടർ ബി. ജയശ്രീ, പരിസ്ഥിതി നോഡൽ ഓഫീസർ ബി. ശ്രീകുമാർ, തുടങ്ങിയവർ പങ്കെടുത്തു.