bank
കുരീപ്പുഴ ചണ്ടിഡിപ്പോയിലെ മാലിന്യം പരിസ്ഥിതിക്ക് പ്രശ്നമുണ്ടാക്കാതെ വേർതിരിച്ച് നീക്കംചെയ്യുന്ന സമ്പൂർണ ബയോമൈനിംഗ് രീതിയെക്കുറിച്ച് പഠിക്കാൻ ലോകബാങ്കിന്റെ സംഘമെത്തിയപ്പോൾ

കൊല്ലം: അഷ്ടമുടി കുരീപ്പുഴ ചണ്ടി ഡിപ്പോയിലെ മാലിന്യ സംസ്കരണത്തെ ക്കുറിച്ച് പഠിക്കാൻ ലോകബാങ്ക് പ്രതിനിധികൾ ജില്ലയിലെത്തി. അഞ്ചംഗ ലോകബാങ്ക് പ്രതികളായ കോ ടാസ്ക് ടീം ലീഡർ സീനിയർ മുൻസിപ്പൽ എൻജിനീയർ പൂരൻ അഹ്ലുവല്യാ ഖനീജോ, കൺസൾട്ടന്റ് റിബി മാത്യു, പ്രോക്യൂർമെന്റ് സ്പെഷ്യലിസ്റ്റ് റോബിൻ കുമാർ താക്കൂർ, കൺസൾട്ടന്റ് ബി.കെ.ഡി രാജ, അർബൻ കൺസൾട്ടന്റ് റിദിമ്മൻ സാഹ എന്നിവരാണ് സന്ദർശനം നടത്തിയത്. കൊല്ല കോർപ്പറേഷൻ കോൺഫറൻസ് ഹാളിൽ മേയറുടെ നേതൃത്വത്തിൽ കുരീപ്പുഴ ചണ്ടി ഡിപ്പോയിലെ പ്രവർത്തനങ്ങളെക്കുറിച്ച് സംഘത്തോട് വിശദീകരിച്ചു. തുടർന്ന് ചണ്ടിഡിപ്പോയിൽ മാലിന്യ സംസ്കരണത്തിനായി സ്ഥാപിച്ച ബയോ മൈനിംഗ് യൂണിറ്റിന്റെ പ്രവർത്തനവും സംഘം നേരിട്ട് കണ്ട് വിലയിരുത്തി. മികച്ച നിലയിലാണ് കുരീപ്പുഴ ചണ്ടി ഡിപ്പോയിലെ പ്രവർത്തനങ്ങളെന്ന് സംഘം അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടപ്പാക്കാനുദ്ദേശിക്കുന്ന ഖരമാലിന്യ സംസ്കരണ പദ്ധതികൾക്ക് ധനസഹായം ലഭ്യമാക്കുന്നത് ലോകബാങ്കാണ്. മേയർ പ്രസന്ന ഏണസ്റ്റ്, ഡെപ്യുട്ടി മേയർ കൊല്ലം മധു, കൗൺസിലർ എസ്. സവിത ദേവി,​ വിവിധ ഡിപ്പാർട്ട്മെന്റ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ ലോകബാങ്ക് സംഘത്തെ അനുഗമിച്ചു.