കൊല്ലം: എൽ.ഡി.എഫ് സർക്കാരിനെ അട്ടിമറിക്കാൻ ഒരിക്കലും നീതീകരിക്കാനാവാത്ത മാർഗ്ഗങ്ങളാണ് യു.ഡി.എഫും കേന്ദ്രസർക്കാരും അവലംബിക്കുന്നതെന്ന് സി.പി.ഐ കേന്ദ്രകൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. 'നവകേരളത്തിനായി എൽ.ഡി.എഫിനൊപ്പം' എന്ന മുദ്രാവാക്യമുയർത്തി എൽ.ഡി.എഫ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ക്യു.എ.സി മൈതാനിയിൽ സംഘടിപ്പിച്ച ബഹുജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിമാനത്തിൽ യാത്ര ചെയ്ത മുഖ്യമന്ത്രിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചത് കാഞ്ഞ ബുദ്ധിയല്ല കുരുട്ടുബുദ്ധിയാണ്. മഹാദുരന്തങ്ങളായ പ്രളയത്തെയും കൊവിഡിനെയും അഭിമുഖീകരിപ്പോൾ തങ്ങൾക്ക് രക്ഷകനുണ്ടെന്ന് ജനങ്ങൾക്ക് പൂർണ്ണബോദ്ധ്യമായി. പ്രതിസന്ധിഘട്ടങ്ങളിൽ സദാ ജാഗ്രത പുലർത്തിയ മറ്റൊരു സംസ്ഥാന സർക്കാർ ഇന്ത്യയുടെ ചരിത്രത്തിലില്ലെന്നും അദ്ദേഹം പറഞ്ഞു.
എൽ.ഡി.എഫ് ജില്ലാ കൺവീനർ അഡ്വ. എൻ. അനിരുദ്ധൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാസെക്രട്ടറി എസ്. സുദേവൻ സ്വാഗതം പറഞ്ഞു. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ജെ ചിഞ്ചുറാണി, സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റംഗം കെ.കെ. ജയചന്ദ്രൻ, എം.എൽ.എമാരായ എം. നൗഷാദ്, കെ.ബി.ഗണേഷ് കുമാർ, കോവൂർ കുഞ്ഞുമോൻ, സി.പി.ഐ ജില്ലാസെക്രട്ടറി മുല്ലക്കര രത്‌നാകരൻ, അസി. സെക്രട്ടറി അഡ്വ. ജി. ലാലു, സി.പി.എം നേതാക്കളായ കെ.രാജഗോപാൽ, പി. രാജേന്ദ്രൻ, കെ. വരദരാജൻ, ഘടകകക്ഷിനേതാക്കളായ ലതിക സുഭാഷ്, കൊല്ലങ്കോട് രവീന്ദ്രൻ നായർ, ചാരുപാറ രവി, ഉഴമലയ്ക്കൽ വേണുഗോപാൽ, ഡോ. സജു എടക്കാട്, പ്രൊഫ. ജേക്കബ്ബ്, ഡോ. എ.എ. അമീൻ, കടവൂർ ചന്ദ്രൻ എന്നിവർ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിൽ നിന്ന് റാലികളായാണ് പ്രവർത്തകർ സമ്മേളനസ്ഥലത്തെത്തിയത്.