കൊല്ലം: കൊല്ലത്തിന്റെ വികസനത്തിന് വേഗം കൂട്ടുന്ന പെരുമൺ- പേഴുംതുരുത്ത് പാലത്തിന്റെ നിർമ്മാണ പ്രതിസന്ധി അയയുന്നു. മദ്ധ്യഭാഗത്തുള്ള സ്പാനുകളുടെ ഡിസൈൻ തയ്യാറാക്കാനുളള ചുമതല തിരുവനന്തപുരം ഗവ. എൻജിനീയറിംഗ് കോളേജിന് കിഫ്ബി കൈമാറി.
ഇവർ തയ്യാറാക്കി നൽകുന്ന ഡിസൈൻ ചെന്നൈ ഐ.ഐ.ടിയുടെ അംഗീകാരം കൂടി ലഭിച്ച ശേഷം കരാർ കമ്പനിക്ക് കൈമാറും. ജൂലായ് പകുതിയോടെ ഡിസൈൻ ലഭിക്കുമെന്നാണ് കിഫ്ബി ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. മദ്ധ്യഭാഗത്തെ മൂന്ന് സ്പാനുകളുടെ ഡിസൈൻ വൈകുന്നതു മൂലം ബാക്കി ജോലികൾ പൂർത്തിയാക്കി നിർമ്മാണം അവസാനിപ്പിക്കാൻ കരാർ കമ്പനി നീക്കം നടത്തുന്നതായി 'കേരളകൗമുദി' കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ ഡിസൈൻ തയ്യാറാക്കാനുളള നടപടികൾ കിഫ്ബി വേഗത്തിലാക്കുകയായിരുന്നു.
160 മീറ്റർ നീളമുളള മൂന്ന് സ്പാനുകളുടെ ഡിസൈനിനെ ചൊല്ലി കരാർ കമ്പനിയും കേരള റോഡ് ഫണ്ട് ബോർഡും തമ്മിലുണ്ടായ തർക്കം ജോലികളെ ബാധിക്കുന്ന ഘട്ടത്തിലെത്തിയിരുന്നു. കിഫ്ബിയുടെ ടെക്നിക്കൽ വിഭാഗം ഡിസൈൻ തയ്യാറാക്കി നൽകാമെന്ന് കഴിഞ്ഞ ജനുവരിയിൽ ഉറപ്പ് നൽകിയതോടെയാണ് തർക്കം അവസാനിച്ചത്. പക്ഷേ, ആറു മാസം കഴിഞ്ഞിട്ടും നടപടി ഉണ്ടാവാതെ വന്നതോടെയാണ് കരാർ കമ്പനി ഇതൊഴികെയുള്ള ഭാഗം പൂർത്തിയാക്കി തടിയൂരാൻ ശ്രമിച്ചത്.
 പൂർത്തിയായത് 12 ബീമുകൾ
പെരുമൺ ഭാഗത്തെ നാലു സ്പാനുകളിലെ 12 ബീമുകളുടെ നിർമ്മാണം ഇതുവരെ പൂർത്തിയായി. മൂന്നു ബീമുകൾ ബന്ധിപ്പിച്ച് സ്ളാബുകൾ നിർമ്മിക്കുന്ന ജോലികളാണ് ഇനി അവശേഷിക്കുന്നത്. പേഴുംതുരുത്ത് ഭാഗത്ത് നാലു സ്പാനുകളും 12 ബീമുകളും ഉള്ളതിൽ രണ്ട് ബീമുകൾ പൂർത്തിയാക്കി. മൂന്നാമത്തെ ബീമിന്റെ നിർമ്മാണത്തിനുളള പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു. ഈ ജോലികൾ പൂർത്തിയാകുന്നതോടെ മദ്ധ്യഭാഗത്തെ സ്പാനുകളുടെ ജോലികൾ ആരംഭിക്കും.
...................
 കരാർ തുക: 41.22 കോടി
 ജോലി ആരംഭിച്ചത്: 2021 ഫെബ്രുവരിയിൽ
 പാലത്തിന്റെ നീളം: 434 മീറ്റർ
 സ്പാനുകൾ: 11
ജൂലായ് പകുതിയോടെ ഡിസൈൻ ലഭിക്കുമെന്നാണ് പ്രതീക്ഷ. നിലവിൽ നടക്കുന്ന ജോലികൾ പൂർത്തിയാകുന്നതോടെ മദ്ധ്യഭാഗത്തെ സ്പാനുകളുടെ നിർമ്മാണം ആരംഭിക്കാൻ കഴിയും
കിഫ്ബി ഉദ്യോഗസ്ഥർ