tree
ശാസ്താംകോട്ട ഫിൽറ്റർ ഹൗസിനു മുന്നിൽ നിന്ന മരം മുറിച്ചിട്ടപ്പോൾ ഉൾവശം പൊടിഞ്ഞ നിലയിൽ .

പടിഞ്ഞാറേകല്ലട : റോഡരികിലെ അപകട ഭീഷണിയിലായ മരങ്ങൾ മോട്ടോർ വാഹന വകുപ്പിന്റെ പരാതിയെതുടർന്ന് മുറിച്ചു മാറ്റുവാൻ തുടങ്ങി. അപകട ഭീഷണിയിലായ മരങ്ങളെക്കുറിച്ച് കേരള കൗമുദി വാർത്ത നൽകിയിരുന്നു. കുന്നത്തൂർ താലൂക്കിലെ ശാസ്താംകോട്ട കരുനാഗപ്പള്ളി റൂട്ടിലെ മരങ്ങൾ മുറിച്ചു മാറ്റുവാൻ കുന്നത്തൂർ മോട്ടോർ വാഹന വകുപ്പ് ജോയിന്റ് ആർ.ടി.ഒ ആർ.ശരത് ചന്ദ്രൻ , എൻഫോഴ്സ് മെന്റ് ആർ.ടി.ഒ അൻസാരി, എൻഫോഴ്സ്മെന്റ് വെഹിക്കിൾ ഇൻസ്പെക്ടർ ദിലീപ്കുമാർ എന്നിവരാണ് പി.ഡബ്ല്യു.ഡി റോഡ്സ് വിഭാഗം, എൻജിനീയർ ,പുനലൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ , ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് ഏതാനും മാസങ്ങൾക്ക് മുമ്പ് പരാതി നൽകിത് . ഇതേ തുടർന്നുള്ള നടപടികളുടെ ഭാഗമായി ജില്ലാ സോഷ്യൽ ഫോറസ്റ്ററി ഓഫീസർ അനിൽകുമാർ മരം മുറിച്ചു മാറ്റുന്നതിനുള്ള ഉത്തരവ് നൽകുകയായിരുന്നു. കഴിഞ്ഞദിവസം ശാസ്താംകോട്ട ഫിൽറ്റർ ഹൗസിന്റെ മുന്നിൽ ചുവട് പൊടിഞ്ഞു നിന്ന മരമാണ് മുറിച്ചുമാറ്റിയത്. ഇനിയും അപകട ഭീഷണിയുയ‌ർത്തുന്ന നിരവധി മരങ്ങൾ മുറിച്ചു മാറ്റുവാനുണ്ട്. പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ സന്തോഷ് കുമാർ , ഓവർസിയർ അഭിലാഷ് എന്നിവർ ഇതിന് നേതൃത്വം നല്കി. ഏതാനും മാസങ്ങൾക്ക് മുമ്പ് ശാസ്താംകോട്ട ഫിൽറ്റർ ഹൗസിന് മുന്നിൽ കാറിന് മുകളിൽ മരം വീണ് അപകടമുണ്ടായി. പൊലീസിന്റെയും ഫയർഫോഴ്സിന്റെയും മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ഗതാഗതവും വൈദ്യുതി ബന്ധവും പുന സ്ഥാപിച്ചത്.