sreehari-44

കൊട്ടാരക്കര: പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പനവേലി മഠത്തിയറ ആദിത്യയിൽ ജയദേവന്റെയും സുമയുടെയും മകൻ ശ്രീഹരിയാണ് (44) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ഭാര്യ അസാനയെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട് ശ്രീഹരിക്കെതിരെ ബുധനാഴ്ച കൊട്ടാരക്കര പൊലീസ് കേസെടുത്തിരുന്നു. ഒാലമടൽ കൊണ്ട് അസാനയെ മർദ്ദിച്ചതിനും സ്ത്രീധന പീഡനത്തിനുമാണ് കേസെടുത്തത്. തുടർന്ന് പൊലീസ് പലതവണ ശ്രീഹരിയെ തേടിയെത്തിയെങ്കിലും ശ്രീഹരി ഓടി രക്ഷപ്പെട്ടിരുന്നു. ഇന്നലെ രാവിലെ അസാന വീണ്ടും സ്റ്റേഷനിലെത്തുകയും തന്റെ വസ്ത്രങ്ങളും മറ്റും എടുക്കാൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു. തുടർന്ന് മൂന്ന് വാഹനങ്ങളിലായി പൊലീസ് വീട്ടിലെത്തി ശ്രീഹരിയെ പിടികൂടി. കസ്റ്റഡിയിലെടുത്ത് ജീപ്പിനുള്ളിൽ കയറ്റിപ്പോൾ വീട്ടിലെ ആടുകളെ അഴിച്ചുകെട്ടാൻ അനുവദിക്കണമെന്ന് ശ്രീഹരി ആവശ്യപ്പെട്ടു, പൊലീസ് അനുവദിച്ചതോടെ ജീപ്പിൽ നിന്ന് ഇറങ്ങിയ ശ്രീഹരി വീടിനുള്ളിലേക്ക് കയറി അടുക്കള ഭാഗത്തെ ഹുക്കിൽ കെട്ടിത്തൂങ്ങുകയായിരുന്നു. ഏറെ നേരമായി കാണാത്തതിനെ തുടർന്ന് പൊലീസ് ടെറസ് വഴി കതക് പൊളിച്ച് അകത്തുകയറിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. വീടിന് സമീപത്തായി ശ്രീഹരി കട നടത്തിയിരുന്നു. ശ്രീഹരിയുടെ ബന്ധുവാണ് അസാന.

ഇവരുടേത് പ്രണയ വിവാഹമായിരുന്നു. മക്കൾ: ആദിത്യ, കാർത്തിക്. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.