കൊല്ലം: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് മുതൽ ഓലയിൽക്കടവ് വരെയുള്ള ലിങ്ക് റോഡിന്റെ മൂന്നാംഘട്ട നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരണത്തിലേക്കെത്തിയതോടെ ജൂലായ് അവസാനവാരം ഗതാഗതത്തിനായി തുറന്നുകൊടുക്കാൻ സാദ്ധ്യത. തോപ്പിൽക്കടവ് വരെയുള്ള നാലാംഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നേക്കും.
മൂന്നാംഘട്ട നിർമ്മാണ പ്രവൃത്തികളുടെ ഭാഗമായുള്ള ടാറിംഗ് പൂർത്തിയായി. റിഫ്ളക്ടറുകൾ, റോഡ് മാർക്കിംഗുകൾ, സൂചന ബോർഡുകൾ, ഓലയിൽക്കടവ് ഭാഗത്തുള്ള അപ്പ്രോച്ച് റോഡിന്റെ ഇരുവശവും ഒരു മീറ്റർ വീതീയിൽ കോൺക്രീറ്റ്, കൈവരികളിൽ രണ്ടാംഘട്ട പെയിന്റിംഗ് എന്നിവയാണ് ഇനി പൂർത്തിയാകാനുള്ളത്. അടുത്തമാസം പകുതിയോടെ ഇവ പൂർത്തിയാക്കാൻ കഴിയും.
ഓലയിൽക്കടവ് മുതൽ തോപ്പിൽക്കടവ് വരെ അഷ്ടമുടിക്കായലിനു മുകളിലൂടെയും തേവള്ളി പാലത്തിന് അടിഭാഗത്തു കൂടിയുമാണ് നാലാംഘട്ട നിർമ്മാണം. ലിങ്ക് റോഡ് വഴി വരുന്ന ഉയരമുള്ള വാഹനങ്ങൾക്ക് തേവള്ളിപ്പാലത്തിന്റെ അടിയിലൂടെ കടന്നു പോകാൻ കഴിയുമോ എന്ന ആശങ്കയുണ്ട്. എന്നാൽ ആശങ്ക വേണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. ഓലയിൽക്കടവ് മുതൽ തേവള്ളി വഴി തോപ്പിൽക്കടവ് വരെ 1765.60 മീറ്റർ നീളത്തിലാണ് ഫ്ലൈഓവർ നിർമ്മിക്കുന്നത്. കിഫ്ബിയിൽനിന്ന് 170 കോടിയാണ് നാലാംഘട്ട നിർമ്മാണത്തിനായി അനുവദിച്ചിട്ടുള്ളത്.
# വീതിയില്ലാതെ അപ്രോച്ച് റോഡുകൾ
ഓലയിൽക്കടവ് വരെയുള്ള ലിങ്ക് റോഡിന്റെ അപ്പ്രോച്ച് റോഡുകളായ കൊച്ചുകൊടുങ്ങല്ലൂർ റോഡ്, വെറ്ററിനറികേന്ദ്രം- രാമവർമ്മ റോഡ് എന്നിവയുടെ വീതി വർദ്ധിപ്പിച്ചാൽ മാത്രമേ സുഗമമായ ഗതാഗതം സാദ്ധ്യമാകൂ. ഇവ വീതികൂട്ടാൻ പൊതുമരാമത്ത് വകുപ്പ് തുക അനുവദിച്ചിട്ടുണ്ട്.
# ലിങ്ക്‌റോഡ്
1. കപ്പലണ്ടി മുക്കിൽ നിന്നാരംഭിക്കുന്ന 4 വരി പാതയുടെ ഭാഗം
2. ഒന്നാം ഘട്ടത്തിൽ കപ്പലണ്ടിമുക്ക് - മുനീശ്വരൻ കോവിൽ റോഡ് വികസനം
3. രണ്ടാംഘട്ടത്തിൽ മുനീശ്വരൻകോവിൽ- കെ.എസ്.ആർ.ടി.സി റോഡ് നിർമ്മാണം
4. മൂന്നാം ഘട്ടം കെ.എസ്.ആർ.ടി.സി - ഓലയിൽക്കടവ്
5. പൂർത്തിയാക്കാനുള്ളത് ഓലയിൽക്കടവ് - തോപ്പിൽക്കടവ് നാലാം ഘട്ടം
6. അഷ്ടമുടിക്കായലിന് മുകളിലൂടെ 3 കിലോമീറ്ററോളം ഫ്ലൈ ഓവർ
# മൂന്നാംഘട്ടം
കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് - ഓലയിൽക്കടവ് 1084.40 മീറ്റർ നീളം
കരയിൽ: 80.40 മീറ്റർ
ഫ്ലൈ ഓവർ: 1004 മീറ്റർ
വീതി: 11 മീറ്റർ
ഗതാഗതസൗകര്യം: 7.5 മീറ്റർ
നടപ്പാത: 1.5 മീറ്റർ (ഇരുവശത്തും)
കരാറുകാർ: ചെറിയാൻ വർക്കി കൺസ്ട്രക്ഷൻസ്