കൊല്ലം: നെടുമ്പന സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ രാത്രി ചികിത്സയ്ക്ക് ഡോക്ടർമാരില്ല. കിടത്തി ചികിത്സയിലുള്ള അഞ്ച് രോഗികളുടെ വിവരങ്ങൾ ഡോക്ടർമാർ വീട്ടിലിരുന്നാണ് അന്വേഷിക്കുന്നത്. രാത്രി അസുഖം മൂർച്ഛിച്ചാൽ സ്ഥിതി വഷളാകുന്ന അവസ്ഥ.

കൊവിഡിന് ശേഷം മേയ് ആദ്യം ഇവിടെ കിടത്തി ചികിത്സ പുനരാരംഭിച്ചിരുന്നു. എന്നാൽ ഒരു ഡോക്ടർ അവധിയിൽപ്പോയതോടെ ചികിത്സ നിലച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി 'കേരളകൗമുദി' വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്ന് മേയ് 20ന് എൻ.എച്ച്.എം മുഖേന ഒരു ഡോക്ടറെ നിയമിച്ചിരുന്നു. ഈ ഡോക്ടറുടെ നിയമനം ദിവസങ്ങൾക്കുള്ളിൽ റദ്ദാക്കിയതോടെയാണ് രാത്രിയിൽ ഡോക്ടറില്ലാത്ത അവസ്ഥയായത്. അകാരണമായി എൻ.എച്ച്.എം ഡോക്ടറെ പിൻവലിച്ചതിന്റെ കാരണം അന്വേഷിക്കാൻ പോലും ആശുപത്രിയുടെ നിയന്ത്രണ ചുമതലയുള്ള ബ്ലോക്ക് പഞ്ചായത്ത് തയ്യാറാകുന്നില്ല. ആശുപത്രിയിലെ ശുചിമുറികളിലെ ജലദൗർലഭ്യത്തിനും പരിഹാരമായിട്ടില്ല.

ഡോക്ടർമാരുടെ ജോലി നിശ്ചയിക്കുന്നതിലെ അപാകം കാരണം നെടുമ്പന സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള നല്ലില, പഴങ്ങാലം സബ് സെന്ററുകളിൽ ഇന്നലെ കുട്ടികളുടെ കുത്തിവയ്പ് മണിക്കൂറുകൾ വൈകി. കുത്തിവയ്പ് പരിഗണിക്കാതെ ഡോക്ടർക്ക് അവധി നൽകിയതാണ് പ്രശ്നം സൃഷ്ടിച്ചത്.

 കുത്തിവയ്പ് നോക്കാതെ അവധി

എൻ.എച്ച്.എം, ബ്ലോക്ക് പഞ്ചായത്ത് എന്നിവർ നിയമിച്ച ഓരോ ഡോക്ടർമാർ ഉൾപ്പെടെ ആശുപത്രിയിൽ ആറ് ഡോക്ടർമാരാണുള്ളത്. ഇതിൽ സൂപ്രണ്ടായ സിവിൽ സർജൻ അപകടത്തെത്തുടർന്ന് ഒരാഴ്ച മുമ്പ് അവധിയിൽ പോയി. ഇതോടെ അംഗബലം അഞ്ചായി. ഇതിൽ നാല് ഡോക്ടർമാർ രാവിലെ ഒ.പിയിലെത്തും. ബ്ലോക്ക് പഞ്ചായത്ത് നിയമിച്ച ഡോക്ടർക്ക് ഉച്ചയ്ക്ക് രണ്ട് മുതലാണ് ജോലി. രാവിലെ ഒ.പി ഡ്യൂട്ടി ചെയ്യുന്നവരെ അതിൽ നിന്ന് ഒഴിവാക്കിയാണ് കുത്തിവയ്പിന്റെ ചുമതല നൽകുന്നത്. എന്നാൽ ഇന്നലെ കുത്തിവയ്പുള്ളത് പരിഗണിക്കാതെ ഒരു ഡോക്ടർക്ക് അവധി നൽകി. സബ് സെന്ററുകളിൽ കുട്ടികളുമായി എത്തിയവർ പ്രശ്നം ഉണ്ടാക്കിയതോടെ ഉച്ചയ്ക്ക് ഡ്യൂട്ടി ആരംഭിക്കേണ്ട ഡോക്ടറെ നേരത്തെ വിളിച്ചുവരുത്തുകയായിരുന്നു. രാവിലെ 10 മണിക്ക് തുടങ്ങേണ്ട കുത്തിവയ്പ് 12.45നും 11.30നുള്ളത് രണ്ടരയ്ക്കുമാണ് തുടങ്ങിയത്.