1-
കൈറ്റ് സ്‌കൂൾ വിക്കി ജില്ലാതലപുരസ്‌കാരം നേടിയ അഞ്ചൽ വെസ്റ്റ് ഗവ.എച്ച്.എസ്.എസ്

കൊല്ലം: പൊതുവിദ്യാഭ്യാസ വകുപ്പിൽ സ്‌കൂളുകളെക്കുറിച്ചുള്ള ഓൺലൈൻ പോർട്ടലായ സ്‌കൂൾ വിക്കിയിൽ മികച്ച താളുകൾ ഏർപ്പെടുത്തിയതിനുള്ള ജില്ലാതല പുരസ്‌കാരങ്ങളിൽ അഞ്ചൽ വെസ്റ്റ് ഗവ. എച്ച്.എസ്.എസ് ഒന്നാംസ്ഥാനത്തെത്തി. സദാനന്ദപുരം ഗവ. എച്ച്.എസ്.എസ്, കൊല്ലം വിമല ഹ്യദയ എച്ച്.എസ്.എസ് എന്നിവർക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ.

15000 സ്‌കൂളുകളെ ഉൾപ്പെടുത്തി ഇന്ത്യയിലെ പ്രാദേശിക ഭാഷയിലുള്ള ഏ​റ്റവും വലിയ വിദ്യാഭ്യാസ ഡിജി​റ്റൽ വിവരശേഖരമാണ് സ്കൂൾ വിക്കി. കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈ​റ്റ്) ആണ് അവാർഡുകൾ ഏർപ്പെടുത്തിയത്. ജില്ലാതലത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് യഥാക്രമം 25,000, 15,000, 10,000 രൂപ വീതം കാഷ് അവാർഡും ട്രോഫിയും പ്രശംസാപത്രവും പുരസ്‌കാരമായി ലഭിക്കും. ഇൻഫോ ബോക്‌സിന്റെ കൃത്യത, ചിത്രങ്ങൾ, തനതു പ്രവർത്തനം, ക്ലബുകൾ, വഴികാട്ടി, സ്‌കൂൾ മാപ്പ് തുടങ്ങിയ ഇരുപത് മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് കൈ​റ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത് ചെയർമാനായ സമിതി സംസ്ഥാനതലത്തിൽ അവാർഡുകൾ നിശ്ചയിച്ചത്.

വിവിധ പാഠ്യ, പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ വിവിധ അംഗീകാരങ്ങളും അവാർഡുകളും സ്‌കൂളിന് ലഭിച്ചിട്ടുണ്ട്. മികച്ച ശബ്ദമിശ്രണത്തിനുള്ള അക്കാഡമി അവാർഡ് നേടിയ റസൂൽ പൂക്കുട്ടി അഞ്ചൽ വെസ്റ്റ് എച്ച്.എസ്.എസിലെ പൂർവവിദ്യാർത്ഥിയാണ്. ജൂലായ് 1ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മന്ത്റി വി.ശിവൻകുട്ടി അവാർഡുകൾ സമ്മാനിക്കും. സംസ്ഥനതലത്തിൽ കോഴിക്കോട് മാക്കൂട്ടം എ.എം.യു.പി.എസാണ് ഒന്നാം സ്ഥാനത്തെത്തിയത്.