ocr
വെള്ളക്കെട്ട്

ഓച്ചിറ: ദേശീയ പാത വികസനത്തിന്റെ ഭാഗമായുള്ള നിർമ്മാണങ്ങൾ ആരംഭിച്ചതോടെ റോഡിലേക്ക് ഇറങ്ങാനാകാതെ ബുദ്ധിമുട്ടുകയാണ് കുറേ കുടുംബങ്ങൾ. ദേശീയപാതാ നിർമ്മാണം ആരംഭിച്ച ഓച്ചിറ പ്രീമിയർ ജംഗ്ഷനും സ്കൈ ലാബ് ജംഗ്ഷനും മദ്ധ്യേ പാതയുടെ പടിഞ്ഞാറ് വശം താമസിക്കുന്ന വീട്ടുകാരും കച്ചവടക്കാരുമാണ് കനത്ത വെള്ളക്കെട്ടിനെ തുടർന്ന് റോഡിലേക്ക് ഇറങ്ങാൻ ബുദ്ധിമുട്ടുന്നത്.

മഴപെയ്താൽ വെള്ളക്കെട്ട്

ചെറിയ മഴ പെയ്താൽ പോലും വെള്ളക്കെട്ടാകുന്ന അവസ്ഥയാണ് ഇവിടെയുള്ളത്.

നേരത്തെ മലിന ജലം ഒഴുകിപോകാനായി ഓടയുണ്ടായിരുന്നു. റോഡ് പുനർ നിർമ്മിക്കുന്നതിനായി നിലവിലുള്ള റോഡിന്റെ വശങ്ങൾ ഏകദേശം മൂന്നടിയോളം കുഴിച്ച് മണ്ണ് മാറ്റിയപ്പോൾ ഓട ഇല്ലാതായി. വെള്ളം ഒഴുകാൻ സൗകര്യമൊരുക്കാതെ നിർമ്മാണം ആരംഭിച്ചതാണ് ഇവിടെ വെള്ളക്കെട്ടാകാൻ കാരണം. മുന്നറിയിപ്പില്ലാതെയാണ് വീടിന് മുൻഭാഗം കുഴിച്ചതെന്നും വാഹനങ്ങൾ റോഡിലേക്ക് ഇറക്കാൻ പോലും നിർവാഹമില്ലെന്നും കാണിച്ച് വീട്ടുകാർ അധികൃത‌ർക്ക് പരാതി നൽകി.

യോഗ തീരുമാനങ്ങൾ നടപ്പായില്ല

പൊതുജനങ്ങൾക്കും സമീപ വസ്തു ഉടമകൾക്കും വാഹന ഗതാഗതത്തിനും ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി കരുനാഗപ്പള്ളി തഹസിൽദാറുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. എം.എൽ.എമാരായ സി.ആർ മഹേഷ്, ഡോ. സുജിത് വിജയൻപിള്ള, ദേശീയപാത ലെയ്സൺ ഓഫീസർ എം.കെ.റഹ്മാൻ, എ.സി.പി, ജോയിന്റ് ആർ.ടി.ഒ, സ്റ്റേഷൻ ഹൗസ് ഓഫീസർമാർ, പഞ്ചായത്ത് സെക്രട്ടറിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു. ഡ്രെയിനേജ് സംവിധാനം ഒരുക്കണമെന്നും തദ്ദേശ സ്ഥാപനങ്ങൾ സ്ഥാപിച്ച ലൈറ്റുകൾ റോഡ് നിർമ്മാണത്തിനായി നീക്കം ചെയ്യുന്നതിനാൽ രാത്രി റോഡിൽ വെളിച്ചം ഇല്ലാത്ത അവസ്ഥ ഒഴിവാക്കണമെന്നും റോഡ് പുനർ നിർമ്മാണം നടക്കുന്ന ഭാഗത്ത് സൈൻ ബോർഡ്, റിഫ്ളക്ടർ തുടങ്ങിയവ സ്ഥാപിക്കണമെന്നും യോഗത്തിൽ നിർദ്ദേശമുണ്ടായി. തുടർന്ന് ഇവ പരിഹരിക്കാമെന്ന് ദേശീയപാതാ അധികാരികൾ യോഗത്തിൽ ഉറപ്പ് നൽകിയിരുന്നു.എന്നാൽ യോഗ തീരുമാനങ്ങൾക്ക് വേണ്ട പരിഗണന അധികൃതർ നൽകാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്.

വെള്ളം ഒഴുകാതെ കെട്ടികിടക്കുന്നത് നിരവധി സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കുന്നതിന് ഇടയാകും. വേണ്ട നടപടികൾ ദേശീയപാത അധികൃതർ സ്വീകരിക്കണം.

അൻസർ.എ. മലബാർ,

മുൻ ബ്ലോക്ക് പഞ്ചായത്തംഗം, പ്രദേശവാസി.