ezhukon-
എഴുകോൺ ജംഗ്ഷൻ.

എഴുകോൺ : ദേശീയ പാതയ്ക്കായി മൂന്നായി കീറി മുറിച്ച എഴുകോൺ ജംഗ്ഷനിൽ ഓട്ടോ ടോക്സി തൊഴിലാളികളും വ്യാപാരികളും മറ്റ് നാട്ടുകാരും ദുരിതത്തിലാണ്. വാഹനങ്ങൾ പാർക്ക് ചെയ്യാനിടമില്ലാത്താണ് പ്രധാന പ്രശ്നം. ടൗണിൽ പലവിധ ആവശ്യങ്ങൾക്കെത്തുന്നവ‌ർ ക്ഷേത്രത്തിനും വില്ലേജ് ഓഫീസിനും മുന്നിലുള്ള മൈതാനത്തും മാർക്കറ്റിന്റെയും പഞ്ചായത്തിന്റെയും പ്രവേശന കവാടത്തിലുമാണ് പാർക്ക് ചെയ്യുന്നത്.

ഫയലിൽ വിശ്രമിച്ച് നി‌ർദ്ദേശങ്ങൾ

ദേശീയ പാതയുടെ ഉയരവും ചരിവും ക്രമീകരിക്കാൻ യാതൊരു നടപടിയും ഇല്ലാത്തത് ജംഗ്ഷനിലെ അപകടങ്ങളുടെ എണ്ണം കൂട്ടുന്നു. റെയിൽവേ മേൽപ്പാലത്തിലേക്കുള്ള അനുബന്ധ റോഡിന്റെ ഉയരം ക്രമീകരിക്കുന്നതടക്കമുള്ള നിർദ്ദേശങ്ങൾ ദേശീയപാത അതോറിറ്റിയുടെ ഫയലിൽ വിശ്രമിക്കുകയാണ്. ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന അനുബന്ധ റോഡ് മൂലക്കട ഭാഗത്ത് എത്തുമ്പോൾ ഇരുപതടിയോളം ഉയരത്തിലാണ് കടന്നുപോകുന്നത്. ഇവിടെ അപകടകരമായ ചരിവാണ് ദേശീയ പാതയ്ക്കുള്ളത്. വാഹനങ്ങൾ ഇവിടെ നിന്ന് താഴേക്ക് പതിച്ച് അപകടമുണ്ടാകുന്നത് പതിവാണ്. നെടുമൺകാവിൽ നിന്ന് എഴുകോണിലേക്കെത്തുന്ന റോഡ് ഇതിന് സമാന്തരമായാണ് ഉള്ളത്.

ദേശീയപാത അധികൃതർ കനിയണം

ദേശീയ പാതയുടെ ഉയരവും ചരിവും ക്രമീകരിക്കുന്നതിനുള്ള ചർച്ചകൾ കാര്യക്ഷമമായത് ഒന്നര ദശാബ്ദം മുൻപ് കേരള കൗമുദി സംഘടിപ്പിച്ച വികസന സെമിനാറിലാണ്.

തുടർന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി മുൻ കൈയെടുത്ത് വികസന ചർച്ചകളും നടത്തിയിരുന്നു. പിന്നീട് മന്ദഗതിയിലായ പുനർ ക്രമീകരണ പ്രവർത്തനങ്ങൾ ഏതാനും മാസങ്ങൾക്ക് മുൻപ് സജീവമായിരുന്നു.

എം.പിയും തദ്ദേശ സ്ഥാപന പ്രതിനിധികളും ദേശീയ പാത വിഭാഗം ഉന്നത ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് നിർദ്ദേശങ്ങൾ ചർച്ച ചെയ്തിരുന്നു. പൊതു ജനങ്ങളുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് ദേശീയ പാത ഡിസൈൻ വിഭാഗം മൂന്ന് പ്ലാനുകൾ തയ്യാറാക്കി അതോറിറ്റിക്ക് സമർപ്പിച്ചു. ഈ നിർദ്ദേശങ്ങളിൽ ദേശീയപാത അധികൃതരുടെ തുടർ നടപടികൾക്കായാണ് നാട് കാത്തിരിക്കുന്നത്.

പദ്ധതി പ്രാവർത്തികമാക്കണം

വികസനം വാക്കുകളിൽ അല്ല വേണ്ടത്. ജംഗ്ഷൻ നവീകരണം കാലങ്ങളായുള്ള ആവശ്യമാണ്. പ്രാവർത്തികമാക്കാൻ ഇച്ചാശക്തിയോടു കൂടിയ ഇടപെടൽ ആവശ്യമാണ്.

ടി.എം. അശോകൻ

തെങ്ങുംവിള , എഴുകോൺ.

വ്യാപാരികൾക്കും ഓട്ടോ ടാക്സി തൊഴിലാളികൾക്കും ജംഗ്ഷനിൽ എത്തുന്നവർക്കും വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ് നിലവിലി സ്ഥിതി. ഇത് പരിഹരിക്കാൻ കൂട്ടായ പരിശ്രമം വേണം.

ഷാബു രവീന്ദ്രൻ

പോച്ചംകോണത്ത് പുത്തൻ വീട്, എഴുകോൺ ,