എഴുകോൺ : ഏതു നിമിഷവും നിലം പൊത്താവുന്ന നിലയിലാണ് എഴുകോൺ വില്ലേജ് ഓഫീസ്.

ഓട് മേഞ്ഞ മേൽക്കൂരയും ഭിത്തിയും ജീർണ്ണാവസ്ഥയിലാണ്. മഴ പെയ്താൽ ഫയലുകൾ വെള്ളം വീണ് നനയും. ഓടുകൾ തകർന്ന ഭാഗങ്ങൾ തകര ഷീറ്റിന്റെ കഷണങ്ങൾ കൊണ്ട് മറച്ചിരിക്കുകയാണ്.

എം.എൽ.എ ആയിരുന്ന ഐഷാ പോറ്റിയുടെ ശ്രമഫലമായി സ്മാർട്ട് വില്ലേജിനുള്ള പട്ടികയിൽ എഴുകോൺ ഇടം പിടിച്ചിരുന്നു. എന്നാൽ പിന്നീട് ഉയർന്ന ചില സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് പദ്ധതി ഒഴിവായി.

പഞ്ചായത്തിനോട് ചേർന്ന് വില്ലേജ് ഓഫീസിന് സ്ഥലം നൽകാൻ എഴുകോൺ പഞ്ചായത്ത് സമിതി സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ നിശ്ചിത സ്ഥലം കണ്ടെത്തുന്നതും കൈമാറുന്നതുമായ നടപടികൾ വൈകുകയാണ്.

നടപടികൾ മുന്നോട്ട്

വില്ലേജ് ഓഫീസിന് സ്ഥലം കൈമാറുന്നതിനുള്ള നടപടികൾ നടന്നു വരികയാണ്. അടുത്ത കമ്മിറ്റിയോടെ ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാകും.

അഡ്വ. രതീഷ് കിളിത്തട്ടിൽ

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്