 
കൊട്ടാരക്കര : പണയിൽ ജംഗ്ഷൻ പാറയിൽ മുക്ക് റോഡിലൂടെ ആളുകൾക്ക് നടന്ന് പോകാൻ പോലും പറ്റാത്ത അവസ്ഥയായി. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. റോഡിന്റെ പല ഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞ്, ടാറും മെറ്റലും ഇളകി വൻ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. നെടുവത്തൂർ പഞ്ചായത്തിന്റെ മദ്ധ്യഭാഗത്തുകൂടി കടന്നു പോകുന്ന ഈ റോഡിന്റെ ദുരിതാവസ്ഥയ്ക്ക് യാതൊരു പരിഹാരവുമുണ്ടാകുന്നില്ല. പി.ഡബ്ള്യു. ഡി റോഡായതിനാൽ പഞ്ചായത്തുകാർക്ക് റോഡ് നന്നാക്കാനും കഴിയില്ല.
നിവേദനം നൽകി കാത്തിരിപ്പാണ്
പണയിൽ ജംഗ്ഷൻ മുതൽ കുറവൻചിറവരെയും തലയിണവിള ജംഗ്ഷൻ മുതൽ ആലുംകുന്നുംപുറം ജംഗ്ഷനും പാറയിൽ മുക്ക് വരെയും റോഡ് ഗതാഗത യോഗ്യമല്ലാതായി. എന്നാൽ , ഇപ്പോഴും ഇതു വഴി കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് കൊട്ടാരക്കര -നെടുവത്തൂർ ,കുറുമ്പാലൂർ ,തേവലപ്പുറം വഴി പുത്തൂരേക്ക് സർക്കുലർ സർവീസുണ്ട്. റോഡ് തകർന്നതോടെ എപ്പോൾ വേണമെങ്കിലും സർവീസ് നിലക്കുന്ന അവസ്ഥയാണ്. എത്രയും വേഗം റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട്
എസ്.എൻ.ഡി.പി യോഗം തേവലപ്പുറം 942-ാം നമ്പർ ശാഖ പ്രസിഡന്റ് ഉദയഭാനു, സെക്രട്ടറി പി.മോഹനൻ എന്നിവരുടെനേതൃത്വത്തിൽ പി.ഡബ്ള്യു.ഡിക്കും ജന പ്രതിനിധികൾക്കും നിവേദനം നൽകിയിട്ടുണ്ട്.