 
കൊല്ലം: പ്രമുഖ വ്യവസായിയും സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിദ്ധ്യവുമായിരുന്ന എസ്.എം. വെങ്കിട്ട നാരായണൻ റെഡ്യാരുടെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. കൊല്ലം എസ്.എൻ കോളേജ്, എസ്.എൻ വനിതാ കോളേജ്, കൊല്ലം എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ ഏറ്റവും സമർത്ഥരായ ഓരോ വിദ്യാർത്ഥിക്കു വീതമാണ് 10,000 രൂപ വീതമുള്ള സ്കോളർഷിപ്പ് വെങ്കിട്ട നാരായണന്റെ കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയത്.
എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ ഓഫീസിൽ നടന്ന ചടങ്ങിൽ യോഗം കൗൺസിലർ പി. സുന്ദരൻ, യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് അഡ്വ. രാജീവ് കുഞ്ഞുകൃഷ്ണൻ എന്നിവർ ചേർന്ന് സ്കോളർഷിപ്പ് വിതരണം നിർവഹിച്ചു. കൊല്ലം എസ്.എൻ കോളേജിലെ എം.എ മലയാളം വിദ്യാർത്ഥിനി ശ്രീലക്ഷ്മി, എസ്.എൻ വനിതാ കോളേജിലെ ബി.എ ഹിന്ദി വിദ്യാർത്ഥിനി കാർത്തിക ശങ്കർ, എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥി ശ്രാവൺ ശ്രീഹരി എന്നിവർ സ്കോളർഷിപ്പ് ഏറ്റുവാങ്ങി. യോഗം ബോർഡ് അംഗം ആനേപ്പിൽ എ.ഡി. രമേശ്, യൂണിയൻ കൗൺസിലർമാരായ നേതാജി ബി.രാജേന്ദ്രൻ, ബി. പ്രതാപൻ, ഷാജി ദിവാകർ, ഇരവിപുരം സജീവൻ, ജി. രാജ്മോഹൻ അഡ്വ. എസ്. ഷേണാജി, പുണർതം പ്രദീപ്, ബി. വിജയകുമാർ, എം സജീവ് എന്നിവർ പങ്കെടുത്തു.