john-s-78

കൊട്ടാരക്കര: എം.സി റോഡിൽ കൊട്ടാരക്കര കരിക്കത്ത് ടിപ്പർ ലോറിയും സ്കൂട്ടറും തമ്മിലിടിച്ച് വൃദ്ധൻ മരിച്ചു. പുനലൂർ കോട്ടവട്ടം വള്ളിവിള വീട്ടിൽ എസ്. ജോൺ (78) ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചയാളെ പരിക്കുകളോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃക്കണ്ണമംഗൽ ഭാഗത്തുനിന്ന് ഉപറോഡിലൂടെ ജോണും സുഹൃത്തും ആക്ടീവ സ്കൂട്ടറിൽ കൊട്ടാരക്കരയ്ക്ക് പോകാനെത്തിയതാണ്. എം.സി റോഡിലേക്കിറങ്ങിയപ്പോഴാണ് തിരുവനന്തപുരം ഭാഗത്തുനിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പർ ലോറി ഇടിച്ചുതെറിപ്പിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. സ്കൂട്ടറിന്റെ പിൻസീറ്റിലിരുന്ന ജോൺ റോഡിലേക്ക് തലയടിച്ചുവീഴുകയായിരുന്നു. ഹെൽമറ്റ് ധരിച്ചിരുന്നുവെങ്കിലും തലയ്ക്ക് ക്ഷതമേറ്റതാണ് മരണകാരണമെന്നാണ് സൂചന. ഭാര്യ: മറിയാമ്മ ജോൺ. മക്കൾ: സൂസമ്മ, അന്നമ്മ, സന്തോഷ്. കൊട്ടാരക്കര പൊലീസ് കേസെടുത്തു.