കൊല്ലം: കർഷകർക്കും ഉപഭോക്താക്കൾക്കും പ്രയോജനപ്രദമായ രീതിയിൽ കാർഷിക മൂല്യവർദ്ധിത ഉത്പന്നങ്ങൾക്ക് മികച്ച വിപണി ഉറപ്പാക്കുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി പാലരുവി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ നടന്ന വിള നടീൽ ഉത്സവത്തിന്റെ ഉദ്ഘാടനം എഴുകോൺ പുളിയറയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഓണക്കാലത്ത് വിപണനം ചെയ്യാനുള്ള പച്ചക്കറി കൃഷിക്കാണ് വിള നടീൽ ഉത്സവത്തിലൂടെ തുടക്കമായത്. പാവൽ, പടവലം, മത്തൻ, പയർ, വഴുതന, വെണ്ട, ചീര, മുളക്, വെള്ളരി തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. പുളിയറ വാർഡ് കുടുംബശ്രീ എ.ഡി.എസിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ആക്ടിവിറ്റി ഗ്രൂപ്പാണ് കൃഷി പരിപാലിക്കുന്നത്.

പാലരുവി ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡ് ചെയർമാൻ അഡ്വ.ബിജു.കെ. മാത്യു അദ്ധ്യക്ഷനായി. ജില്ല പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഡ്വ. സുമാലാൽ, എഴുകോൺ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രതീഷ് കിളിത്തട്ടിൽ, കാപ്പെക്സ് ചെയർമാൻ എം.ശിവശങ്കരപ്പിള്ള, ഗ്രാമപഞ്ചായത്ത് അംഗം രഞ്ജിനി അജയൻ, പ്രീത കനകരാജൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ബി.ജയശ്രീ തുടങ്ങിയവർ പങ്കെടുത്തു.