 
തഴവ: ഞങ്ങളും കൃഷിയിലേക്കെന്ന സർക്കാർ പദ്ധതി അനുസരിച്ച് ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കരനെൽക്കൃഷിയും പുഷ്പക്കൃഷിയും ആരംഭിച്ചു. തഴവ ഗ്രാമ പഞ്ചായത്ത് പരിധിയിൽ മുല്ലശ്ശേരി മുക്കിന് സമീപം ആരംഭിച്ച കരക്കൃഷിയുടെ നെല്ല് വിതയ്ക്കലും ചെണ്ടുമല്ലി (മേരി ഗോൾഡ് ) തൈകളുടെ നടീലും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുരേഷ് താനുവേലിൽ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ഗേളി ഷൺമുഖൺ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്രീലത, സുനിത മധു, സുധീർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വത്സല, ബിജു, ആസൂത്രണ സമിതി അംഗം എബ്രാഹാം, സി.ഡി.എസ് ചെയർപേഴ്സൺ ലത എന്നിവർ സംസാരിച്ചു . കൃഷി അസിസ്റ്റന്റ് ഡയറക്ടർ എച്ച്.ഷബീന സ്വാഗതവും തഴവ കൃഷി ഓഫീസർ സോണിയ നന്ദിയും പറഞ്ഞു. ബ്ലോക്ക് തല അഗ്രോ സർവീസ് സെന്ററിലെ ടെക്നീഷ്യൻമാരാണ് കൃഷി നടത്തുന്നത്.