fish

കൊല്ലം: തമിഴ്നാട്ടിൽ നിന്ന് ആര്യങ്കാവ് വഴി കേരളത്തിലേക്ക് കൊണ്ടുവന്ന 10,750 കിലോ പഴകിയ മത്സ്യം കൊല്ലത്ത് ഭക്ഷ്യസുരക്ഷാ സംഘം പിടികൂടി. ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി വെള്ളിയാഴ്ച രാത്രിയിലായിരുന്നു ചെക്ക് പോസ്റ്റിൽ പരിശോധന നടത്തിയത്.

രാത്രി 11ന് ആരംഭിച്ച പരിശോധന രാവിലെ 5 വരെ നീണ്ടു. ഇതിനിടെ കേരളത്തിലേക്ക് ഒൻപത് വാഹനങ്ങളിലായി കൊണ്ടുവന്ന മത്സ്യം പിടികൂടി പരിശോധനയ്ക്ക് വിധേയമാക്കി.

മൂന്ന് വാഹനങ്ങളിലെ മത്സ്യം പഴകിയതാണെന്ന് കണ്ടെത്തി. മൊബൈൽ ലാബിൽ പരിശോധന നടത്തി ഭക്ഷ്യയോഗ്യമല്ലെന്ന് വ്യക്തമായതോടെ വാഹനങ്ങൾ പൊലീസിന് കൈമാറി. രാസവസ്തുക്കൾ കലർന്നിട്ടുണ്ടോയെന്ന് പരിശോധിക്കാൻ സാമ്പിൾ കൊച്ചിയിലേക്ക് അയച്ചു.

പിടിച്ചെടുത്ത മത്സ്യം ആര്യങ്കാവ് പഞ്ചായത്തിന്റെ സഹായത്തോടെ നശിപ്പിച്ചു. ഭക്ഷ്യസുരക്ഷാ അസി. കമ്മിണർ എസ്.അജിയുടെ നിർദേശാനുസരണം സുരക്ഷാ ഓഫീസർമാരും ജീവനക്കാരുമായ ഡോ. ലക്ഷ്മി.വി.നായർ, നിഷ റാണി, സുജിത്ത് പെരേര, ചിത്ര മുരളി, ജഗദീഷ് ചന്ദ്രൻ, ശ്രീലക്ഷ്മി തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

കൂടുതലും ചൂര

പിടിച്ചെടുത്ത മത്സ്യത്തിൽ അധികവും ചൂരയാണ്. തമിഴ്നാട്ടിലെ നാഗപട്ടണം, കടലൂർ എന്നിവിടങ്ങളിൽ നിന്ന് അടൂർ, കരുനാഗപ്പള്ളി, ആലങ്കോട് എന്നിവിടങ്ങളിലെ മൊത്തം വ്യാപാര കേന്ദ്രങ്ങളിലേക്ക് കൊണ്ടുവന്നതാണ് മത്സ്യം. തമിഴ്നാട് സ്വദേശികളുടേതാണ് വാഹനം. മൂന്നുവാഹനങ്ങളിലായി ആറുപേരുണ്ടായിരുന്നു. പൊലീസ് കസ്റ്റഡിയിലുള്ള വാഹനങ്ങൾ നടപടികൾ പൂർത്തിയാക്കി പിഴയടച്ച ശേഷമേ വിട്ടുനൽകൂ.