nl
തഴവ ഗ്രാമ പഞ്ചായത്ത് കുറ്റിപ്പുറം ജംഗ്ഷനിൽ സ്ഥാപിച്ച മിനി എം.സി.എഫ് യൂണിറ്റ് മാലിന്യങ്ങൾക്ക് നടുവിൽ നിലം പൊത്തിയ നിലയിൽ.

തഴവ: ഹരിത കർമ്മ സേനാംഗങ്ങൾ ശേഖരിക്കുന്ന വൃത്തിയാക്കിയ പ്ളാസ്റ്റിക് മാലിന്യങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന എം.സി.എഫ് യൂണിറ്റ് നാട്ടുകാരുടെ പരിശ്രമത്താൽ മാലിന്യക്കൂനയായി. 2020-2021 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തഴവ ഗ്രാമ പഞ്ചായത്ത് കുറ്റിപ്പുറം ജംഗ്ഷനിൽ കാരൂർ കടവ് റോഡിന് കിഴക്ക് വശം സ്ഥാപിച്ച എം.സി.എഫ് യൂണിറ്റിനാണ് വിചിത്രമായ ഗതികേട്. രാത്രിയിൽ പ്ലാസ്റ്റിക് കവറുകളിൽ കെട്ടിയ ജൈവ മാലിന്യങ്ങൾ കൊണ്ടുള്ള തുടർച്ചയായ ഏറ് കൊണ്ട് യൂണിറ്റ് നിലംപൊത്തിയെങ്കിലും എം.സി.എഫിനെ തേടി മാലിന്യങ്ങൾ ഇപ്പോഴും കുറ്റിപ്പുറത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

തെറ്റിദ്ധരിക്കല്ലേ

പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾ പ്രദേശത്തെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന വൃത്തിയാക്കിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ താത്കാലികമായി ശേഖരിക്കാനാണ് മിനി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി യൂണിറ്റ് (എം.സി.എഫ് )സ്ഥാപിച്ചത്. എന്നാൽ ഇത് മാലിന്യം തള്ളാനാണെന്ന് തെറ്റിദ്ധരിച്ച നാട്ടുകാർ എം.ഡി.എഫ് യൂണിറ്റിന് ചുറ്റും വിവിധ തരം ഗാർഹിക മാലിന്യങ്ങൾ തള്ളുന്നത് പതിവാകുകയായിരുന്നു.

മുന്നറിയിപ്പ് ബോർഡില്ല

യൂണിറ്റിലോ പരിസരത്തോ മാലിന്യം തള്ളരുതെന്ന മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടില്ല. നാട്ടുകാരെ ബോധവത്കരണം നടത്താൻ അധികൃതരും തയ്യാറാകാതായതോടെ ദുർഗന്ധം മൂലം ഇതുവഴി ആർക്കും കടന്നു പോകുവാൻ കഴിയാത്ത അവസ്ഥയാണ്.