bjp
അപകടത്തിൽ പരുക്കേറ്റ മങ്ങാട് സ്വദേശിക്ക് ജില്ലാ ആശുപത്രിയിൽ മതിയായ ചികിത്സ നൽകിയില്ലെന്ന് ആരോപിച്ച് ബി.ജെ.പി പ്രവർത്തകർ ഡെപ്യുട്ടി സൂപ്രണ്ട് അജിതയെ ഉപരോധിച്ചപ്പോൾ

കൊല്ലം: ചികിത്സാപിഴവ് ആരോപിച്ച് ജില്ലാ ആശുപത്രി ഡെപ്യുട്ടി സൂപ്രണ്ടിനെ ബി.ജെ.പി പ്രവർത്തകർ ഉപരോധിച്ചു. റോഡ് അപകടത്തിൽ പരിക്കേറ്റ് ജില്ലാ ആശുപത്രിയിലെത്തിയ മങ്ങാട് സ്വദേശിയെ ചികിത്സിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ചായിരുന്നു സമരം. കഴിഞ്ഞ പതിനാറിനാണ് കാലിന് പരിക്കേറ്റ മങ്ങാട് സ്വദേശിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിച്ചത്. എക്സ് റേ പരിശോധിച്ച ഡോക്ടർ പ്രശ്നങ്ങളില്ലെന്ന് പറഞ്ഞ് മടക്കി അയച്ചു. എന്നാൽ, കാലിൽ നീര് പടർന്നതോടെ ജില്ലാ ആശുപത്രിയിൽ വീണ്ടുമെത്തി നടത്തിയ പരിശോധനയിൽ പൊട്ടൽ സ്ഥിരീകരിച്ചു. സംഭവം അറി ഞ്ഞെത്തിയ ബി.ജെ.പി പ്രവർത്തകരാണ് സൂപ്രണ്ടിനെ ഉപരോധിച്ചത്. കൂടുതൽ സൂക്ഷ്മമായി പരിശോധിക്കാൻ ആശുപത്രിയിലെ സി.ടി സ്കാൻ യന്ത്രവും പ്രവർത്തിക്കുന്നില്ല. മുക്കാൽ മണിക്കൂർ നീണ്ട സമരം പൊലീസ് ഇടപെട്ട് ഒത്തുതീർപ്പാക്കുകയായിരുന്നു. ബി.ജെ.പി കൊല്ലം മണ്ഡലം പ്രസിഡന്റ് മോൻസി ദാസ്, ജനറൽ സെക്രട്ടറിമാരായ പ്രണവ് താമരക്കുളം, കെ. നാരായണൻക്കുട്ടി, മണ്ഡലം കമ്മിറ്റി അംഗം മനുലാൽ, നേതാക്കളായ അയ്യപ്പൻ പിള്ള, പ്രേം ദുര എന്നിവർ നേതൃത്വം നൽകി. ജില്ലാ ആശുപത്രിയിലെത്തുന്ന രോഗികൾക്ക് കൃത്യമായ ചികിത്സ നൽകാതെ ഗുരുതര രോഗികൾ ആണെന്ന് പറഞ്ഞ് ഭയപ്പെടുത്തി സ്വകാര്യ ആശുപത്രികളിലേക്ക് അയയ്ക്കുന്നത് സ്ഥിരം പരിപാടിയാണെന്നും സി.ടി സ്കാൻ യന്ത്രം നന്നാക്കാത്തത് സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കാനാണെന്നും പ്രണവ് താമരക്കുളം ആരോപിച്ചു.