gandhi-
വയോജനങ്ങളെ അവഗണിക്കുന്ന മോശമായ സംസ്‌കാരം ശീലിച്ചതാണ് നമ്മുടെ നാടിന്റെ ശാപം - ഹൈക്കോടതി ജഡ്ജ് എ. മുഹമ്മദ് മുസ്താഖ്

പത്തനാപുരം: ഗാന്ധിഭവനിൽ പ്രവർത്തിക്കുന്ന കെൽസ ലീഗൽ എയ്ഡ് ക്ലിനിക്കിന്റെ പത്താം വാർഷികവും സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റിയുടെ കീഴിലുള്ള വിക്ടിം റൈറ്റ് സെന്റർ പദ്ധതിയുടെയും ഉദ്ഘാടനം കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ് നി‌ർവഹിച്ചു. സന്തോഷവും സമാധാനവുമില്ലാത്ത വാർദ്ധക്യമാണ് ഇന്ന് മാതാപിതാക്കൾ അനുഭവിക്കുന്നതെന്നും വയോജനങ്ങളെ അവഗണിക്കുന്ന മോശമായ സംസ്‌കാരം ശീലിച്ചതാണ് നമ്മുടെ നാടിന്റെ ശാപമെന്നും മുതിർന്നവരെ തിരസ്‌കരിക്കരുതെന്നും ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകളില്ലാതെ മാനവികതയുടെ ചങ്ങല കോർത്ത ഒരു സംസ്‌കാരത്തിന്റെ കാലമാണ് കാത്തിരിക്കുന്നതെന്നും അങ്ങനെയുള്ളൊരു രാജ്യമാണ് തന്റെ സ്വപ്‌നമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗാന്ധിഭവന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച ആയിരം ദിവസം നീണ്ടുനിൽക്കുന്ന 'സ്‌നേഹപ്രയാണം' പദ്ധതിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. വനിതാ കമ്മിഷൻ അംഗം ഡോ. ഷാഹിദാ കമാൽ അദ്ധ്യക്ഷയായി. ഗാന്ധിഭവൻ സെക്രട്ടറിയും സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് അംഗവുമായ ഡോ. പുനലൂർ സോമരാജൻ സ്വാഗതം പറഞ്ഞു. ഷൈജു ലൂക്കോസ്, എ.വി. അനിൽകുമാർ, ആർ. റെജി, പി.എസ്. അമൽരാജ്, ജി. ഭുവനചന്ദ്രൻ, വിൻസെന്റ് ഡാനിയൽ, ഗോപിനാഥ് മഠത്തിൽ എന്നിവർ പ്രസംഗിച്ചു. ആയുർവേദ ചികിത്സയിൽ 42 വർഷം പൂർത്തിയാക്കിയ ഡോ. ഡി. അനിൽകുമാറിനെ ആദരിച്ചു. വിക്ടിം റൈറ്റ് സെന്ററിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച ബോധവത്കരണ ക്ലാസ് പ്രൊജക്ട് കോ-ഓർഡിനേറ്റർ എ. പാർവ്വതി മേനോൻ നയിച്ചു.