 
കൊല്ലം: തലമുറകളുടെ ശേഷിപ്പായ വെണ്ടാർ മനക്കരക്കാവ് മണ്ഡപത്തിന് പുതുശോഭ. തകർച്ചയിലായിരുന്ന മണ്ഡപത്തിന്റെ നവീകരണം പൂർത്തിയായി. കുളക്കട ഗ്രാമപഞ്ചായത്തിൽ നിന്ന് അനുവദിച്ച 2 ലക്ഷം രൂപ ഉപയോഗിച്ചാണ് മണ്ഡപം നവീകരിച്ചത്. പുത്തൂർ- കൊട്ടാരക്കര റോഡരികിലെ മനക്കരക്കാവ് ജംഗ്ഷനിലാണ് പഴമയുടെ ഈ വഴിയമ്പലം നിലനിന്നിരുന്നത്. പഞ്ചായത്തിന്റെ ഉടമസ്ഥതയിലാണെങ്കിലും സമീപത്തെ ഇണ്ടിളയപ്പൻ ക്ഷേത്ര ആചാരങ്ങളുടെയും ഭാഗമാണിത്. തകന്ന് നിലംപതിക്കാറായപ്പോഴാണ് പഞ്ചായത്ത് അധികൃതർ മണ്ഡപത്തിന്റെ സംരക്ഷണം ഏറ്റെടുത്തത്. മേൽക്കൂര പൂർണമായും മാറ്റി. ജി.ഐ പൈപ്പുകൾ കൊണ്ടാണ് പുതിയ മേൽക്കൂര. പുതിയ ഓടുകൾ മേഞ്ഞു. ഇരിക്കാനുള്ള ഭാഗത്ത് ഗ്രാനൈറ്റ് ഇട്ടു. തിണ്ണ ഇന്റർ ലോക്കിട്ട് ഭംഗിയാക്കി. അടിസ്ഥാന ഭാഗം കറുത്ത പെയിന്റടിച്ച് ഭംഗിയാക്കി. ഇപ്പോൾ പുതുതായി നിർമ്മിച്ച മണ്ഡപം എന്നേ തോന്നുകയുള്ളു.
കേരള കൗമുദി വാർത്ത കണ്ണുതുറപ്പിച്ചു
നാലര വർഷം മുൻപ് മണ്ഡപത്തിന്റെ മേൽക്കൂരയ്ക്ക് ബലക്ഷയം സംഭവിച്ചിട്ടും അധികൃതർ തിരിഞ്ഞു നോക്കിയില്ല. മേൽക്കൂര നിലംപൊത്താതിരിക്കാൻ ചെറിയ കമ്പുകൾകൊണ്ട് താങ്ങ് കൊടുത്തിരുന്നു. മണ്ഡപത്തിന്റെ ആ ദുരിതാവസ്ഥ 'നിലംപൊത്താറായി മനക്കരക്കാവ് മണ്ഡപം' എന്ന തലക്കെട്ടോടെ കഴിഞ്ഞ വർഷം ആഗസ്റ്റ് 27ന് കേരളകൗമുദി വാർത്തയായി നൽകി. അതോടെ നാടിന്റെ സാംസ്കാരിക മനസ് ഉണർന്നു. വെണ്ടാർ വാർഡ് മെമ്പർ ജയകുമാറിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതർ സംരക്ഷണ പദ്ധതി തയ്യാറാക്കുകയും ചെയ്തു.