photo

കൊട്ടാരക്കര: മുൻമന്ത്രി എം.എം. മണി എം.എൽ.എയുടെ കാർ കൊട്ടാരക്കരയിൽ അപകടത്തിൽപ്പെട്ടു. ആർക്കും പരിക്കില്ല. ഇന്നലെ പുലർച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം.

സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കാൻ ഇടുക്കിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു. ഇടയ്ക്കുവച്ച് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസും വാഹനത്തിൽ കയറി. കൊട്ടാരക്കര പുലമൺ ട്രാഫിക് ഐലൻഡിന് സമീപത്തുവച്ച് ഇരുവർ സഞ്ചരിച്ചിരുന്ന ഇന്നോവ കാറിലേക്ക് തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറിയാണ് ഇടിച്ചത്. കാറിന്റെ മുൻഭാഗം തകർന്നു. എന്നാൽ എം.എം.മണിയും സി.വി.വർഗീസും ഡ്രൈവറും അത്ഭുതകരമായി രക്ഷപ്പെട്ടു. ഉടൻ നാട്ടുകാരും പാർട്ടി പ്രവർത്തകരും സ്ഥലത്തെത്തി. പിന്നീട് സി.വി.വർഗീസിന്റെ കാറിൽ ഇരുവരും തിരുവനന്തപുരത്തേക്ക് യാത്രതിരിച്ചു. കൊട്ടാരക്കര പൊലീസ് കേസെടുത്തു.