 
കൊല്ലം: നെടുമൺകാവിൽ ഹൈടെക് മാർക്കറ്റും വ്യാപാര സമുച്ചയവും വരുന്നു. മന്ത്രി കെ.എൻ.ബാലഗോപാൽ ഇടപെട്ട് അനുവദിച്ച 5.2 കോടി രൂപ ഉപയോഗിച്ചാണ് നിർമ്മിക്കുക. പദ്ധതി തുകയ്ക്ക് ഭരണാനുമതിയായി. കരീപ്ര, വെളിയം, പൂയപ്പള്ളി, നെടുമ്പന ഗ്രാമപഞ്ചായത്തുകളുടെ സംഗമ സ്ഥലമാണ് നെടുമൺകാവ്. ഇവിടെ കാലങ്ങൾക്ക് മുൻപേ മാർക്കറ്റും പഞ്ചായത്തിന്റെ അധീനതയിൽ കടമുറികളും ഉണ്ടെങ്കിലും ഇവ തീർത്തും അസൗകര്യങ്ങളുടെ നടുവിലായിരുന്നു. വ്യാപാര സമുച്ചയ നിർമ്മാണത്തിനായി കടമുറികൾ പൊളിച്ച് മാറ്റിയിരുന്നു. എന്നാൽ മതിയായ പണം ലഭ്യമായില്ല പുനർ നിർമ്മാണം നടന്നതുമില്ല. നെടുമൺകാവ് കേന്ദ്രമാക്കി ആധുനിക സൗകര്യങ്ങളുള്ള മാർക്കറ്റും വ്യാപാര സമുച്ചയവും വേണമെന്നത് നാടിന്റെ പൊതു ആവശ്യമായി മാറി. കരീപ്ര ഗ്രാമപഞ്ചായത്ത് പ്രദേശത്താണ് ഇവ സജ്ജമാക്കുക.
ബഹുനില കെട്ടിട സമുച്ചയം
മൂന്ന് നിലകളുള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്. രണ്ട് ബ്ളോക്കുകളായി 12304.675 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടങ്ങളാണ് നിർമ്മിക്കുക. ഒന്നാം ബ്ളോക്കിൽ താഴെ 12 കടമുറികളും ഒന്നാം നിലയിൽ മൂന്ന് ഓഫീസ് മുറികളും രണ്ടാം നിലയിൽ 250 പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാളും ഓഫീസ് മുറിയും സജ്ജമാക്കും.
രണ്ടാം ബ്ളോക്കിൽ മത്സ്യ മാർക്കറ്റ് . മത്സ്യവും മറ്റ് ഉത്പന്നങ്ങളും സൂക്ഷിക്കാൻ സെല്ലാർ സംവിധാനവും മത്സ്യം കേടുകൂടാതെ സൂക്ഷിക്കാനുള്ള ചില്ല് റൂം സംവിധാനവും മൂല്യ വർദ്ധിത ഉത്പന്നങ്ങളും മറ്റും ഒരുക്കുന്നതിനായി പ്രിപ്പറേഷൻ റൂമും ഗോഡൗണും നിർമ്മിക്കും. മുകളിലത്തെ നിലയിൽ 10 മത്സ്യ സ്റ്റാളുകളും 8 പച്ചക്കറി സ്റ്റാളുകളും തയ്യാറാക്കും.
വൃത്തിയും വെടിപ്പും
പൊതുജനങ്ങൾക്ക് സൗകര്യപ്രദമായി മത്സ്യം വാങ്ങുന്നതിന് സൗകര്യമുണ്ടാകും. എല്ലാ ദിവസവും കഴുകി വൃത്തിയാക്കുന്നതിനായി ഇൻഡസ്ട്രിയൽ ടൈലാണ് തറയിൽ പാകുന്നത്. പ്രഷർ വാഷിംഗ് സംവിധാനം ഏർപ്പെടുത്തും. ഡ്രെയിനേജ് സംവിധാനവുമുണ്ട്. വേണ്ടത്ര ശുചിമുറികളൊരുക്കും.
അടിസ്ഥാന സൗകര്യങ്ങൾ
ചുറ്റുമതിൽ, ഗേറ്റ്, വൈദ്യുതികരണം, ബയോഗ്യാസ് പ്ളാന്റ്, മഴവെള്ളസംഭരണി,സീവേജ്ട്രീറ്റ്‌മെന്റ് പ്ലാന്റ്
"മണ്ണ് പരിശോധനയും തുടർ നടപടികളും വേഗത്തിലാക്കാൻ നിർദ്ദേശം നൽകി. അതിവേഗം ഹൈടെക് മാർക്കറ്റും വ്യാപാര സമുച്ചയവും യാഥാർത്ഥ്യമാക്കും"- കെ.എൻ.ബാലഗോപാൽ, മന്ത്രി