 
കൊല്ലം: കല്ലുപാലം നിർമ്മാണ കരാർ 16ന് റദ്ദാക്കിയെങ്കിലും കരാറുകാരന് കോടതിയിൽ പോകാൻ അവസരം നൽകാനെന്നോണം റീ ടെണ്ടർ നടപടികൾ വൈകിപ്പിക്കുന്ന അധികൃതരുടെ നടപടിയിൽ പ്രതിഷേധമിരമ്പുന്നു. നഗരത്തിലെ പ്രധാന കേന്ദ്രത്തിൽ ഗതാഗതവും വ്യാപാരവും താറുമാറാക്കിയ കരാറുകാരനോട് അധികൃതർക്കുള്ള 'വാത്സല്യം' നാട്ടുകാർക്കും വ്യാപാരികൾക്കും ഇനിയും പിടികിട്ടിയിട്ടില്ല.
തിരുവനന്തപുരം ഹെതർ ഇൻഫ്രാസ്ട്രക്ചർ മാനേജിംഗ് ഡയറക്ടർ ജോർജ്ജ് എബ്രഹാമിനെയാണ് നിർമ്മാണത്തിലെ ഉഴപ്പിനെത്തുടർന്ന് ഒഴിവാക്കിയത്. കരാർ റദ്ദാക്കിക്കൊണ്ട് ഉത്തരവിറങ്ങിയപ്പോൾ തൊട്ടടുത്ത ദിവസം റീടെൻഡർ നടപടികൾ പൂർത്തിയാകുമെന്നാണ് പ്രഖ്യാപിച്ചത്. എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും കാര്യങ്ങൾ എങ്ങുമെത്തിയില്ല. കോടതിയിൽ പോയി സ്റ്റേ വാങ്ങാനുള്ള സാവകാശം നൽകി കരാറുകാരനെ പരമാവധി സഹായിക്കുകയാണ് വകുപ്പ് അധികൃതരെന്ന് ആക്ഷേപമുണ്ട്. കേവലം 22 മീറ്റർ മാത്രം നീളമുള്ള പാലം നിർമ്മിക്കാൻ നാലുവർഷത്തോളമെടുത്തിട്ടും ന്യായീകരണത്തിന്റെയും നാമമാത്രമായ ശിക്ഷാനടപടികളുടെയും സംരക്ഷണ കവചത്തിലാണ് ഇപ്പോഴും കരാറുകാരൻ.
1.5 കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ മാത്രമാണ് അവശേഷിക്കുന്നതെന്ന് അധികൃതർ പറയുന്നു. എന്നാൽ അവ പൂർത്തീകരിക്കാൻ ഏകദേശം 2.5 കോടിയെങ്കിലും വേണ്ടിവരുമെന്നാണ് നിർമ്മാണ മേഖലയിലെ വിദഗ്ദ്ധരുടെ അഭിപ്രായം. നിശ്ചയിച്ച തുകയുടെ 30 ശതമാനം കരാറുകാരൻ നൽകേണ്ടിവരുമെന്നതിനാലാണ് തുക കുറച്ചുകാണിക്കുന്നതെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു.
# കല്ലുപാലം
 എസ്റ്റിമേറ്റ്: 5 കോടി
 കരാർ തുക: 4.87 കോടി
 കരാറുകാരൻ കൈപ്പറ്റിയത്: 3.5 കോടിയിലധികം
 പണികൾ പൂർത്തീകരിച്ചത്: 69 ശതമാനം
 കൈപ്പറ്റിയത്: 71.86 ശതമാനം തുക
# ഇനി അവശേഷിക്കുന്നത്
 80 മീറ്റർ ഉയരത്തിൽ സംരക്ഷണ ഭിത്തി
 വിംഗ് വാൾ
 ഡേർട്ട് വാൾ
 അപ്രോച്ച് റോഡ്
 ഡെക്ക് സ്ലാബിന്റെ മുകളിൽ കോൺക്രീറ്റ് കോട്ടിംഗ്
 ജലപാത വൃത്തിയാക്കൽ
# ശേഷിക്കുന്ന ചിലവ്
 ഉൾനാടൻ ജലഗതാഗത വകുപ്പ് അധികൃതർ പറയുന്നത്: 1.5 കോടി
 അംഗീകൃത കരാറുകാരുടെ കണക്ക്: 2.5 കോടി
 പൊതുമരാമത്ത് വകുപ്പിന്റെ കണക്കിലും 2.5 കോടി