tree
പത്ര വാർത്തയെ തുടർന്ന് ആഞ്ഞിലിമൂട് ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റിന് ചുറ്റുമുള്ള മരച്ചില്ലകൾ നീക്കംചെയ്യുന്നു.

പടിഞ്ഞാറേകല്ലട : ശാസ്താംകോട്ടയ്ക്ക് സമീപത്തെ ആഞ്ഞിലിമൂട് ജംഗ്ഷനിലെ പരാധീനതകൾക്ക് പരിഹാരമാകുന്നു. ജംഗ്ഷനിലെ അഞ്ച് ആശങ്കകളെ കുറിച്ച് 17 ന് കേരളകൗമുദി വാർത്ത നൽകിയിരുന്നു. വാർത്തയെത്തുടർന്ന് വിവിധ വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു. പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടു.

ഹൈമാസ്റ്റിന് തെളിച്ചമായി

ആഞ്ഞിലിമൂട് ജംഗ്ഷനിൽ ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച ഹൈമാസ്റ്റ് ലൈറ്റിന് ചുറ്റും മരച്ചില്ലകൾ മൂടി വെളിച്ചം കിട്ടാത്ത അവസ്ഥയിലായിരുന്നു. ജില്ലാ സോഷ്യൽ ഫോറസ്ട്രി ഓഫീസർ അനിൽകുമാറിന്റെ നിർദ്ദേശാനുസരണം ശാസ്താംകോട്ട പി.ഡബ്ല്യു.ഡി റോഡ്സ് വിഭാഗം അസി. എൻജിനീയർ സന്തോഷ്, ഓവർസിയർ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിൽ ലൈറ്റിന് ചുറ്റുമുള്ള മരച്ചില്ലകൾ കഴിഞ്ഞദിവസം മുറിച്ചുമാറ്റി. വെളിച്ചക്കുറ

വിന് പരിഹാരമായി.

സെപ്റ്റിക് ടാങ്ക് വൃത്തിയാകും

മീൻചന്തയോട് ചേർന്നുള്ള സെപ്റ്റിക് ടാങ്ക് റോഡിലേക്ക് പൊട്ടിയൊഴുകുന്നത് നാട്ടുകാരെ ബുദ്ധിമുട്ടിക്കുകയായിരുന്നു. ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. ഗീത ,പഞ്ചായത്ത് സൂപ്രണ്ട് അൻസാർ , ശൂരനാട് പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.വിമല, എച്ച്.ഐ.ഷിബു എന്നിവർ സ്ഥലം സന്ദർശിച്ചു. ആഞ്ഞിലിമൂട് സെന്റ് തോമസ് പള്ളി വക സ്ഥലത്തെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിന് അധികാരികൾക്ക് നോട്ടീസ് നൽകി.

കാത്തിരിപ്പ് കേന്ദ്രം വരും ശങ്കയ്ക്ക് പരിഹാരവും

ശാസ്താംകോട്ട ഭാഗത്തേക്കുള്ള യാത്രക്കാർക്ക് ഒരുബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുക എന്ന ആവശ്യം പരിഗണിച്ച് കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ.പി .കെ . ഗോപൻ സ്ഥലം സന്ദർശിച്ചു. ഉടനടി ബസ് കാത്തിരിപ്പ് കേന്ദ്രവും പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സൗകര്യവും ഒരുക്കുന്നതിലേക്ക് ജില്ലാ പഞ്ചായത്ത് കമ്മിറ്റിയിൽ തുക വകയിരുത്തിയതായി അറിയിച്ചു. അതിന്റെ ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കും.

വെള്ളക്കെട്ടിന് പരിഹാരം

ജംഗ്ഷനിലെ ഓട്ടോറിക്ഷ സ്റ്റാൻഡിലെ വെള്ളക്കെട്ട് പരിഹരിക്കണമെന്ന ഓട്ടോറിക്ഷാ തൊഴിലാളികളുടെ പരാതിയെതുടർന്ന് കെ. ആർ. എഫ് .ബി അസി. എക്സി .എൻജിനീയർ പി. വിനോദ് കുമാർ വരും ദിവസങ്ങളിൽ സ്ഥലം സന്ദർശിച്ച് നടപടിയെടുക്കുമെന്ന് അറിയിച്ചു.