
പത്തനാപുരം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അദ്ധ്യാപിക മരിച്ചു. കാര്യറ അമ്പലം ജംഗ്ഷനിൽ രാജവിലാസത്തിൽ രാജേഷിന്റെ ഭാര്യ എൽ. ഉഷസാണ് (36) മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് പുനലൂർ - മൂവാറ്റുപുഴ റോഡിൽ വെട്ടിത്തിട്ട ജംഗ്ഷന് സമീപമായിരുന്നു അപകടം. ബസിനെ മറികടന്നെത്തിയ ബൈക്ക് ഉഷസ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. പുനലൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
ശനിയാഴ്ച രാത്രിയാണ് മരിച്ചത്. ഒറ്റക്കൽ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപികയായിരുന്നു. ഭർത്താവ് രാജേഷ് തിരുവനന്തപുരം ചലച്ചിത്ര അക്കാഡമി ജീവനക്കാരനാണ്. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. മക്കൾ: കൈലാസ്, ആവണി.