
കൊല്ലം: മയക്കുമരുന്ന് വ്യാപാര സംഘങ്ങളുടെ വേരുകൾ തേടിയുള്ള അന്വേഷണത്തിൽ രാജ്യാന്തര ലഹരിമരുന്ന് കടത്ത് ശൃംഖലയിലെ സുപ്രധാന കണ്ണിയായ ഘാന സ്വദേശിയെ കരുനാഗപ്പള്ളി പൊലീസ് ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തു. ക്രിസ്റ്റ്യൻ ഉഡോയാണ് (27) പിടിയിലായത്.
മേയിൽ 5.93 ഗ്രാം എം.ഡി.എം.എയുമായി കരുനാഗപ്പള്ളിയിൽ ഗോപു എന്ന യുവാവ് പിടിയിലായിരുന്നു. ഈ കേസിന്റെ തുടരന്വേഷണത്തിലാണ് ഘാന സ്വദേശി വലയിലായത്. ഗോപുവിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഉയർന്ന അളവിൽ ലഹരി വ്യാപാരം നടത്തിവന്ന അജിത്ത്, റമീസ്, ഫൈസൽ എന്നിവർ പിടിയിലായിരുന്നു.
ഇവരുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി പൊലീസ് ബംഗളൂരുവിലെത്തി. ഇവിടെ നിന്ന് വലിയതോതിൽ എം.ഡി.എം.എ വാങ്ങി കേരളത്തിലെ കച്ചവടക്കാർക്ക് വിതരണം ചെയ്യുന്ന കൊല്ലം സ്വദേശി അൽത്താഫ്, പാലക്കാട് സ്വദേശി അൻവർ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഘാന സ്വദേശിയെ ശനിയാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളിയിലെത്തിച്ച പ്രതിയെ ഇന്നലെ കരുനാഗപ്പള്ളി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ബംഗളൂരുവിൽ പഠിക്കാനായി പോകുന്ന വിദ്യാർത്ഥികളെ ഇടനിലക്കാരാക്കിയാണ് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്നതെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. എവിടെ നിന്നാണ് എം.ഡി.എം.എ സംഭരിക്കുന്നതെന്ന് അറിയാൻ ഘാന സ്വദേശിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.