photo

കരുനാഗപ്പള്ളി: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ എക്സൈസ് സംഘം 20.5 ലിറ്റർ ചാരായവും 1,​035 ലിറ്റർ കോടയും 30 ലിറ്റർ വാഷും പിടിച്ചടുത്തു. പാവുമ്പ ചുരുളിയിൽ പള്ളിക്കലാറിന് സമീപമുള്ള വള്ളിക്കാട്ടിൽ നിന്നാണ് ചാരായം പിടിച്ചെടുത്തത്.

വാറ്റുമായി ബന്ധപ്പെട്ട് തൊടിയൂർ ലക്ഷംവീട്ടിൽ സുകു (38),​ തൊടിയൂർ വടക്കുംമുറി കൈലാസം വീട്ടിൽ അജയൻ (45) എന്നിവർക്കെതിരെ കേസെടുത്തു. കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ബി.സുരേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഒരാൾ പൊക്കത്തിലുള്ള വെള്ളക്കെട്ട് നീന്തിക്കടന്ന് എക്സൈസ് സംഘം എത്തിയതോടെ ചാരായം വാറ്റിക്കൊണ്ടിരുന്ന പ്രതികൾ പള്ളിക്കലാറ്റിൽ ചാടി നീന്തി രക്ഷപ്പെട്ടു.

പള്ളിക്കലാറിനോട് ചേർന്നുള്ള വള്ളിക്കാടുകളിൽ തടികൊണ്ട് ഇരിപ്പിടം നിർമ്മിച്ചാണ് വൻതോതിൽ ചാരായം വാറ്റി വിൽപ്പന നടത്തിവന്നിരുന്നത്.

അസി. എക്സൈസ് ഇൻസ്പെക്ടർ പി.എൽ.വിജിലാലിന്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ സുധീർ ബാബു, കിഷോർ, ഹരിപ്രസാദ്, ചാൾസ്, പ്രേംരാജ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഷിബി, ഡ്രൈവർ അബ്ദുൽ മനാഫ് എന്നിവരുടെ നേതൃത്വത്തിലുള്ള പരിശോധനയിലാണ് വാറ്റുകേന്ദ്രം കണ്ടെത്തിയത്. കേസിന്റെ തുടരന്വേഷണം കരുനാഗപ്പള്ളി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ശിവപ്രസാദ് ഏറ്റെടുത്തു.

പിടിച്ചെടുത്തത് ലിറ്ററിൽ

ചാരായം -​ 20.5

കോട ​- 1035
വാഷ് - 30

ബിവറേജസ് ഔട്ട്‌‌ലെറ്റുകളിലും ബാറുകളിലും കുറഞ്ഞ വിലയിലുള്ള മദ്യം ലഭ്യമാകാത്ത സാഹചര്യം മുതലെടുത്താണ് ചില സംഘങ്ങൾ വൻതോതിൽ ചാരായം നിർമ്മിച്ച് വിൽപ്പന നടത്തുന്നത്.

പി.എൽ.വിജിലാൽ

അസി. എക്സൈസ് ഇൻസ്പെക്ടർ