photo

കൊല്ലം: മൈലം വില്ലേജ് ഓഫീസ് സ്മാർട്ടാകുന്നു. കെട്ടിട നിർമ്മാണം പൂർത്തീകരണത്തിലേക്ക്. സംസ്ഥാന സർക്കാരിന്റെ സ്മാർട്ട് വില്ലേജ് പദ്ധതിയിലുൾപ്പെടുത്തി 44 ലക്ഷം രൂപ വീതം വിനിയോഗിച്ചാണ് നിർമ്മാണം. 2020 നവംബർ ആദ്യവാരത്തിൽ നിർമ്മാണം തുടങ്ങിയെങ്കിലും വിവിധ കാരണങ്ങളാൽ ഇഴഞ്ഞുനീങ്ങുകയായിരുന്നു. നിർമ്മിതി കേന്ദ്രത്തിനാണ് നിർവഹണ ചുമതല. എം.സി റോഡിന്റെ അരികിലായി മനോഹരമായ കെട്ടിടം പൂർത്തിയായിട്ടുണ്ട്. ഇതിന്റെ അവസാനവട്ട മിനുക്കുപണികളും ഓഫീസ് തരംതിരിക്കലും ഫർണിച്ചർ എത്തിയ്ക്കുന്നതുമായ ജോലികളാണ് ഇനി ശേഷിക്കുന്നത്. ഓണത്തിന് മുൻപായി ഉദ്ഘാടനം നടക്കുമെന്നാണ് കണക്കുകൂട്ടൽ.

തട്ടിക്കൂട്ട് സംവിധാനങ്ങളോട് വിട

തട്ടിക്കൂട്ട് സംവിധാനങ്ങളുമായി പ്രവർത്തിച്ചിരുന്ന വില്ലേജ് ഓഫീസിന്റെ പഴയ കെട്ടിടങ്ങൾ പൊളിച്ച് നീക്കിയശേഷമാണ് പുതിയത് നിർമ്മാണം തുടങ്ങിയത്. ഓഫീസ് പ്രവർത്തനം താത്കാലിക സംവിധാനത്തിലേക്ക് മാറ്റുകയും ചെയ്തു. വില്ലേജ് ഓഫീസർ റൂം, ഓഫീസ് ഏരിയ, ഡോക്യുമെന്റ് സ്റ്റോർ, പൊതുജനങ്ങൾക്കുള്ള വിശ്രമ സ്ഥലം, ടോയ്‌ലറ്റ്, ഡൈനിംഗ് ഏരിയ, പാർക്കിംഗ്, ചുറ്റുമതിൽ എന്നീ സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. പൂർണമായും കമ്പ്യൂട്ടറൈസ്ഡ് ഓഫീസാകും പ്രവർത്തിക്കുക. റെയിൽവേ ട്രാക്കിന് സമീപത്താണ് കെട്ടിടം നിർമ്മിക്കുന്നത്. അതുകൊണ്ടുതന്നെ സാധാരണയിൽ കൂടുതൽ ബലപ്പെടുത്തിയ അടിത്തറ ഒരുക്കേണ്ടി വന്നു. എം.സി റോഡിന്റെ അരികിലായതിനാൽ പൊതുജനങ്ങൾക്കും ജീവനക്കാർക്കും ഓഫീസിലെത്താൻ യാത്രാബുദ്ധിമുട്ടുകളുമില്ല.