
കൊല്ലം: വെള്ളവുമായി ബന്ധപ്പെട്ട പുതിയ ആശയങ്ങളുണ്ടെങ്കിൽ അമൃത് 2 പദ്ധതി അധികൃതരുമായി പങ്കുവയ്ക്കാം. വിജയിക്കുന്ന പദ്ധതിയാണെന്ന് ഉറപ്പായാൽ കേന്ദ്ര സർക്കാരിൽ നിന്ന് 20 ലക്ഷം രൂപ സഹായം ലഭിക്കും.
ഈ തുകയിൽ ആദ്യഗഡു ഏഴ് മാസത്തിനുള്ളിൽ ലഭിക്കും. ശേഷിക്കുന്നത് അറ് മാസത്തിനുള്ളിൽ വിതരണം ചെയ്യും. കുടിവെള്ള വിതരണം, ജലാശയങ്ങളുടെ സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട സ്റ്റാർട്ട് അപ്പുകൾക്കാകും പ്രധാനമായും പ്രോത്സാഹനം.
കേന്ദ്ര സർക്കാരിന്റെ കണക്ക് പ്രകാരം വിതരണത്തിനായി ശുദ്ധീകരിക്കുന്ന ജലത്തിന്റെ 60 ശതമാനത്തിൽ നിന്ന് മാത്രമേ വരുമാനം ലഭിക്കുന്നുള്ളു. ശേഷിക്കുന്നത് പലതരത്തിൽ ചോർന്നുപോവുകയാണ്. ഇങ്ങനെ ചോരുന്ന ജലത്തിന്റെ അളവ് 20 ശതമാനമായി കുറയ്ക്കണമെന്ന ലക്ഷ്യം കേന്ദ്ര സർക്കാരിനുണ്ട്. ഇതിന് സഹായകരമാകുന്ന സ്റ്റാർട്ട് അപ്പുകൾക്ക് സഹായ പദ്ധതിയിൽ മുൻഗണനയ്ക്ക് സാദ്ധ്യതയുണ്ട്.
ഇപ്പോൾ പൈപ്പ് ലൈനിലെ ചോർച്ചയും മോഷണവും കണ്ടെത്താൻ നിരവധി സംവിധാനങ്ങളുണ്ട്. ഇവകൊണ്ടൊന്നും ചോരുന്ന ജലത്തിന്റെ അളവ് കാര്യമായി കുറയ്ക്കാൻ കഴിഞ്ഞിട്ടില്ല. കൂടുതൽ വിജയകരമായ ആശയമാണ് പ്രതീക്ഷിക്കുന്നത്.
കൃത്യതയില്ലാതെ മീറ്ററുകൾ
സ്വകാര്യ - പൊതുമേഖലാ സ്ഥാപനങ്ങളുടെ വാട്ടർ മീറ്ററുകൾ നിലവിലുണ്ടെങ്കിലും കൃത്യത സംബന്ധിച്ച് വ്യാപക പരാതിയുണ്ട്. ഇത് മറിക്കടക്കാൻ കഴിയുന്ന കൂടുതൽ കൃത്യതയുള്ള വാട്ടർ മീറ്റർ വികസിപ്പിച്ചാൽ അമൃത് പദ്ധതി നടപ്പാക്കുന്ന നഗരസഭകളോട് ഇത്തരം വാട്ടർ മീറ്ററുകൾ വാങ്ങാൻ അമൃത് മിഷൻ നിർദ്ദേശിക്കും. സാധാരണ തദ്ദേശ സ്ഥാപനങ്ങൾ കൂടുതൽ പാരമ്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നാണ് ഉപകരണങ്ങൾ വാങ്ങുന്നത്. അതുകൊണ്ട് തന്നെ സ്റ്റാർട്ട്അപ്പുകൾക്ക് കാര്യമായ പരിഗണന ലഭിക്കാറില്ല.
മികച്ചതെന്ന് ബോദ്ധ്യമാകുന്നവയെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. പുതിയ ആശയങ്ങളുടെ സാദ്ധ്യത പരിശോധിക്കാൻ പ്രത്യേക സ്ക്രീനിംഗ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
അമൃത് മിഷൻ അധികൃതർ