 
കരുനാഗപ്പള്ളി : ബി.ജെ.പി കരുനാഗപ്പള്ളി മുൻസിപ്പൽ സമിതിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി നഗരസഭയിലേക്ക് മാർച്ച് നടത്തി. വഴി വിളക്കുകൾ പ്രകാശിപ്പിക്കുക, കുടിവെള്ള ക്ഷാമത്തിന് ശാശ്വതമായ പരിഹാരം കാണുക, റോഡുകളുടെയും ഓടകളുടെയും ശോച്യാവസ്ഥ പരിഹരിക്കുക, മുൻസിപ്പാൽ ടവർ നിർമാണത്തിലെ അഴിമതി അന്വേഷിക്കുക, ലൈഫ് പദ്ധതിയിലെ ക്രമക്കേട് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തിയത്. കേന്ദ്ര സർക്കാർ കേരളത്തിന് നൽകുന്ന പദ്ധതികൾ പേര് മാറ്റി നടപ്പിലാക്കുന്നു എന്നതല്ലാതെ യാതൊരു വികസന പദ്ധതികളും നഗരസഭയിൽ തനതായി നടപ്പിലാക്കുന്നില്ലെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് കെ.ആർ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി പാർലിമെന്ററി പാർട്ടി ലീഡർ സതീഷ് തേവനത്ത്, ദക്ഷിണമേഖല സെക്രട്ടറി ജിതിൻദേവ്, സംസ്ഥാന കൗൺസിൽ അംഗം എ.വിജയൻ, കൗൺസിലർ ശാലിനി രാജീവ്, സജീവൻ കൃഷ്ണശ്രീ എന്നിവർ സംസാരിച്ചു. ആർ.ശംഭു, ശ്രീഹരി ചിറക്കൽ, നിഷ പ്രദീപ്, സതീഷ്, കണ്ണൻ, സാബു, ജയശ്രീ എന്നിവർ നേതൃത്വം നൽകി.